ക്ഷേത്രപരിസരത്ത് സ്ത്രീകള്‍ തല മറയ്ക്കണം, മിനി സ്‌കേര്‍ട്ടുകളും ടോപ്പുകളും ധരിക്കരുത്: ഹിന്ദുത്വ സംഘടന. മറ്റ് വസ്ത്രങ്ങള്‍ ധരിച്ചുവരുന്നവര്‍ ക്ഷേത്രത്തിന് പുറത്തുനിന്ന് ദര്‍ശനം നടത്തണം

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലെത്തുന്നവര്‍ സംസ്‌കാരത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍. മധ്യപ്രദേശിലെ ജബല്‍പൂരില്‍ 40 ക്ഷേത്രങ്ങള്‍ക്കു പുറത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഭക്തര്‍ ജീന്‍സ്, ടോപ്പുകള്‍, മിനി സ്‌കേര്‍ട്ടുകള്‍, നൈറ്റ് സ്യൂട്ടുകള്‍, ഷോര്‍ട്സ് എന്നിവ ധരിച്ച് ക്ഷേത്രത്തിലെത്തരുതെന്നും സ്ത്രീകളും പെണ്‍കുട്ടികളും തല മറയ്ക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കണമെന്നുമാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്.
മഹാകല്‍ സംഘ് ഇന്റര്‍നാഷണല്‍ ബജ്റംഗ് ദള്‍ എന്ന ഹിന്ദുത്വ സംഘടനയാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചത്. ഇന്ത്യന്‍ സംസ്‌കാരം സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ സംസ്‌കാരത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ സ്ത്രീകളോട് ആവശ്യപ്പെടുകയാണെന്നും സംഘടനയുടെ വക്താവ് പറഞ്ഞു.
മറ്റ് വസ്ത്രങ്ങള്‍ ധരിച്ചുവരുന്നവര്‍ ക്ഷേത്രത്തിന് പുറത്തുനിന്ന് ദര്‍ശനം നടത്തി പോകണമെന്നും വക്താവ് ആവശ്യപ്പെട്ടു. തിവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനയുടെ ഈ പോസ്റ്ററിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. എന്തുവസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് അത് ധരിക്കുന്നവരാണെന്നും സ്ത്രീകള്‍ അവര്‍ക്കിഷ്ടമുളളത് ധരിക്കുമെന്നും അഭിഭാഷകയും സ്ത്രീപക്ഷ പ്രവര്‍ത്തകയുമായ രഞ്ജന കുരാരിയ പറഞ്ഞു.
ഞങ്ങള്‍ക്ക് സാരിയും സല്‍വാറും കുര്‍ത്തിയും തുടങ്ങി ഇഷ്ടമുളള എന്ത് വസ്ത്രവും ധരിക്കാം. അത് ഞങ്ങളുടെ അവകാശമാണ്. എന്ത് ധരിക്കണമെന്ന കാര്യത്തില്‍ ആരും ഞങ്ങളോട് അഭ്യര്‍ത്ഥനയുടെ ഭാഷയില്‍ പോലും പറയരുത്. ദൈവം എല്ലാവരുടേതുമാണ്. ഇത്തരം പോസ്റ്ററുകള്‍ ക്ഷേത്രങ്ങളിലെത്തുന്ന സ്ത്രീകളെ വേദനിപ്പിക്കുന്നതാണ്'- രഞ്ജന കുരാരിയ പറഞ്ഞു.
എന്താണ് ഇന്ത്യന്‍ സംസ്‌കാരമെന്നും അവര്‍ ചോദിച്ചു. പഴയ കാലത്ത് തുന്നിയ വസ്ത്രങ്ങള്‍ പോലും നാം ധരിച്ചിരുന്നില്ലെന്നും അത്തരം വസ്ത്രങ്ങള്‍ കൊണ്ടുവന്നത് വിദേശരാജ്യങ്ങളില്‍ നിന്നാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മതപരമായ കാര്യങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തമാണ് കൂടുതലെന്നും ഇന്ത്യയുടെ സംസ്‌കാരം സംരക്ഷിക്കുന്നത് സ്ത്രീകളുടെ കൈകളിലാണെന്നും ഇന്റര്‍നാഷണല്‍ ബജ്റംഗ് ദളിന്റെ മീഡിയ ഇന്‍ ചാര്‍ജ് അങ്കിത് മിശ്ര പറഞ്ഞു.