സുരക്ഷിതമായി വണ്ടിയോടിക്കുന്നതില്‍ പുരുഷന്മാരേക്കാള്‍ മുന്നില്‍ സ്ത്രീകള്‍; രാത്രി 9 മുതല്‍ 10 വരെ റോഡിലിറങ്ങിയാല്‍ അപകടസാധ്യത കൂടുതല്‍!

 
driving


ന്യൂഡല്‍ഹി: ഇന്ത്യന്‍ റോഡുകളിലെ ഡ്രൈവിംഗ് ശീലങ്ങളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിക്കുന്ന പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്.


 സുനോ ജനറല്‍ ഇന്‍ഷുറന്‍സ് തയ്യാറാക്കിയ 'ഇന്ത്യ റോഡ് സേഫ്റ്റി റിപ്പോര്‍ട്ട് (കഞടഞ) 2026' ലാണ് വാഹനയാത്രികരെ സംബന്ധിക്കുന്ന നിര്‍ണ്ണായക വിവരങ്ങളുള്ളത്. 

ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലായി 45 ലക്ഷം യാത്രകളില്‍ നിന്നുള്ള ഡാറ്റയും 5.5 കോടി കിലോമീറ്റര്‍ നീണ്ട ഡ്രൈവിംഗ് പെരുമാറ്റങ്ങളും സൂക്ഷ്മമായി വിലയിരുത്തിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ റോഡുകളില്‍ രാത്രി 8 മണിക്ക് ശേഷമുള്ള ഡ്രൈവിംഗ് സ്‌കോറുകളില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 ഉച്ചകഴിഞ്ഞുള്ള സമയത്തെ അപേക്ഷിച്ച് രാത്രിയാത്രകള്‍ ഏറെ അപകടകരമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാത്രി 9 മണിക്കും 10 മണിക്കും ഇടയിലുള്ള സമയമാണ് യാത്ര ചെയ്യാന്‍ ഏറ്റവും അപകടകരം.


 റോഡിലിറങ്ങാന്‍ ഏറ്റവും അനുയോജ്യവും സുരക്ഷിതവുമായ സമയം ഉച്ചയ്ക്ക് 1 മണിക്കും 2 മണിക്കും ഇടയിലാണ്. സ്ത്രീകളുടെ ഡ്രൈവിംഗിനെക്കുറിച്ച് നിലനില്‍ക്കുന്ന പതിവ് തമാശകളെയും സ്റ്റീരിയോടൈപ്പുകളെയും പൂര്‍ണ്ണമായും തള്ളിക്കളയുന്നതാണ് ഈ ടെലിമെട്രി ഡാറ്റ. 

സുരക്ഷിതമായി വാഹനമോടിക്കുന്ന കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ നേരിയ മേധാവിത്വം സ്ത്രീകള്‍ക്കുണ്ട്. സ്ത്രീകള്‍ക്ക് ശരാശരി ഡ്രൈവിംഗ് സ്‌കോര്‍ 92.86 ആയിരുന്നു, പുരുഷന്മാര്‍ക്ക് 92.43 എന്ന സ്‌കോര്‍ മാത്രമേ ലഭിച്ചുള്ളൂ.

സുരക്ഷിതമായ ഡ്രൈവിംഗിന്റെ കാര്യത്തില്‍ ലിംഗഭേദം വലിയൊരു ഘടകമല്ലെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. കനത്ത മഴയോ ശൈത്യകാലത്തെ മൂടല്‍മഞ്ഞോ ഒന്നും ഡ്രൈവിംഗ് സ്‌കോറിനെ കാര്യമായി ബാധിക്കുന്നില്ല. 

എന്നാല്‍ പെട്ടെന്ന് ബ്രേക്ക് ഇടുന്നതും അമിത വേഗതയില്‍ വാഹനം മുന്നോട്ട് എടുക്കുന്നതുമാണ് ഇന്ത്യന്‍ ഡ്രൈവര്‍മാരുടെ ഏറ്റവും വലിയ പോരായ്മയായി കണ്ടെത്തിയത്. രാജ്യത്തെ റോഡപകടങ്ങളുടെ 80%-ത്തിലധികം കാരണമാകുന്നത് ഡ്രൈവര്‍മാരുടെ പെരുമാറ്റ ദൂഷ്യവും അശ്രദ്ധയുമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

ഇന്ത്യയില്‍ പ്രതിവര്‍ഷം ഏകദേശം 1.73 ലക്ഷം പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നുണ്ട്. ഇത് ആഗോളതലത്തിലെ ആകെ മരണങ്ങളുടെ 11% വരും.

അപകടങ്ങള്‍ കാരണം രാജ്യത്തിന്റെ ജിഡിപിയുടെ 3 മുതല്‍ 5 ശതമാനം വരെയാണ് നഷ്ടപ്പെടുന്നത്. 

റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്; 19 ശതമാനം കാല്‍നടയാത്രക്കാരും. സ്റ്റോക്ക്‌ഹോം പ്രഖ്യാപനത്തിന്റെ ഭാഗമായി 2030-ഓടെ റോഡപകട മരണങ്ങള്‍ 50 ശതമാനമായി കുറയ്ക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.

 എന്നാല്‍ വെറും അടിസ്ഥാന സൗകര്യ വികസനം കൊണ്ട് മാത്രം ഇത് സാധ്യമാകില്ലെന്നും ഡ്രൈവര്‍മാരുടെ പെരുമാറ്റത്തില്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും സുനോ ഇന്‍ഷുറന്‍സ് എം.ഡിയും സി.ഇ.ഒയുമായ ഷാനൈ ഘോഷ് വ്യക്തമാക്കി.

Tags

Share this story

From Around the Web