വാടക ഗര്‍ഭധാരണത്തില്‍ സ്ത്രീകളെ ചൂഷണം ചെയ്യാനുള്ള സാഹചര്യങ്ങള്‍ കൂടുതല്‍
സാങ്കേതികവിദ്യയും പ്രായോഗികതയും, നിയമത്തിനും ധാര്‍മ്മികതയ്ക്കും അപ്പുറം കാര്യങ്ങളെ നിയന്ത്രിക്കുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയില്‍, വാടക ഗര്‍ഭധാരണ പ്രശ്‌നം അടിയന്തിരമായ ഒന്നാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് 'സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കല്‍: വാടക ഗര്‍ഭധാരണത്തിലെ അക്രമത്തെയും ചൂഷണത്തെയും ചെറുക്കല്‍' എന്ന വിഷയത്തില്‍, ഐക്യരാഷ്ട്രസഭയ്ക്ക്, സ്ത്രീകളുടെ പദവി സംബന്ധിച്ച 70-ാം കമ്മീഷന് വത്തിക്കാന്റെ സ്ഥിരം ദൗത്യത്തിന്റെ പ്രസ്താവന സമര്‍പ്പിച്ചു.
മാതാപിതാക്കളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അനുകമ്പയുള്ള പരിഹാരമായി പലരും വാടക ഗര്‍ഭധാരണത്തെ കാണുന്നുവെങ്കിലും, വാടകക്കാരാകുന്ന പല സ്ത്രീകളും ഇതിനു തയാറാകുന്നത് സാമ്പത്തികമായ പരാധീനത മൂലമാണെന്നും, ഇത് അവരുടെയും, കുഞ്ഞുങ്ങളുടെയും അന്തസും അവകാശങ്ങളും ഹനിക്കുന്നുവെന്നും പ്രസ്താവനയില്‍ എടുത്തുപറയുന്നു.
വാടക ഗര്‍ഭധാരണ ക്രമീകരണങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കാത്ത ചില സ്ത്രീകളുടെമേല്‍ കുടുംബാംഗങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുന്ന സ്ഥിതി ഇന്ന് ഉണ്ടെന്നും, പ്രസ്താവനയില്‍ ചൂണ്ടികാണിക്കുന്നു. മക്കള്‍ക്കും അമ്മയ്ക്കും ഇടയില്‍ ഉണ്ടാകുന്ന വേര്‍പിരിയല്‍, ഗര്‍ഭധാരണത്തെ മാത്രമല്ല, കുട്ടികളെയും വാണിജ്യവല്‍ക്കരിക്കുന്നതിന്റെ ആഴത്തിലുള്ള അപകടങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രസ്താവന അടിവരയിടുന്നു.
'ഒരു കുഞ്ഞു എല്ലായ്‌പ്പോഴും ഒരു സമ്മാനമാണ്, അല്ലാതെ ഒരിക്കലും ഒരു വാണിജ്യ കരാറിന്റെ അടിസ്ഥാനമല്ല.' എന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളും പ്രസ്താവനയില്‍ ഉദ്ധരിച്ചു.
ഗര്‍ഭധാരണത്തെ ഒരു വിലപേശാവുന്ന ഒന്നാക്കി മാറ്റുന്നതിലൂടെ, ഒരു 'ഉല്‍പ്പന്നം' ആയി ചുരുങ്ങുന്ന കുട്ടിയുടെയും അമ്മയുടെയും അന്തസ്സിനെ ലംഘിക്കുന്നുവെന്നും, അത് അവളുടെ ശരീരത്തെയും ജനന പ്രക്രിയയെയും ചൂഷണം ചെയ്യുന്നുവെന്നും, അപ്രകാരം കുടുംബത്തിന്റെ യഥാര്‍ത്ഥ സമ്പര്‍ക്ക പ്രാധാന്യത്തെ വളച്ചൊടിക്കുന്നുവെന്നുമുള്ള, ലിയോ പതിനാലാമന്‍ പാപ്പായുടെ വാക്കുകളും, പ്രസ്താവന അടിവരയിട്ടു പറഞ്ഞു