വനിതാ യൂട്യൂബറുടെ വീട്ടിലെ കവര്‍ച്ച: നാലുപേര്‍ അറസ്റ്റില്‍, 98 പവന്‍ ആഭരണങ്ങള്‍ കണ്ടെടുത്തു

 
youtuber arrest


നാഗര്‍കോവില്‍: വനിതാ യൂട്യൂബറുടെ വീട്ടില്‍നിന്ന് ആഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു.

 ശ്രീവൈകുണ്ഠം സ്വദേശി പാണ്ടി (30), മുക്കൂടല്‍ സ്വദേശി മുരുകന്‍ (28), ആലങ്കുളം സ്വദേശി മുരുകേശന്‍ (38), തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) എന്നിവരാണ് പിടിയിലായത്. മോഷണം പോയതില്‍ 98 പവന്‍ ആഭരണങ്ങള്‍ കണ്ടെടുത്തു.

വീട്ടിലെ പണവും ആഭരണങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന മധുമിതയുടെ വീട്ടില്‍നിന്നാണ് 118 പവന്‍ ആഭരണവും പണവും മോഷണം പോയത്. 

വ്യവസായിയായ ഭര്‍ത്താവ് വിനോദ് കുമാറുമായി കഴിഞ്ഞ 24-ന് തിരുനെല്‍വേലിയില്‍ പോയി രാത്രി വൈകി വീട്ടില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് അറിഞ്ഞത്. പിന്‍വശത്തെ കതക് പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്നത്.

രാജാക്കമംഗലം പോലീസ് കേസെടുത്തു. എസ്.പി. അന്‍ഷൂല്‍ നാഗറിന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി. പ്രകാശ്, ഇന്‍സ്‌പെക്ടര്‍ ജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ ഏഴ് പ്രത്യേകസംഘം തിരച്ചില്‍ നടത്തിയാണ് പ്രതികളെ പിടികൂടിയത്.

160-ഓളം നിരീക്ഷണക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ചാണ് ശ്രീവൈകുണ്ഠം സ്വദേശി പാണ്ടിയും മുക്കൂടല്‍ സ്വദേശി മുരുകനും പ്രതികളാണെന്ന് പോലീസ് കണ്ടെത്തിയത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റ് രണ്ടുപേരുടെ വിവരങ്ങള്‍ ലഭിച്ചത്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നു.

Tags

Share this story

From Around the Web