ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

 
3333

ബെംഗളൂരു/ബണ്ട്വാൾ: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവതിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി. ബണ്ട്വാളിലെ ബി.സി. റോഡിലുള്ള കെഎസ്ആർടിസി പുതിയ ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകിട്ടാണ് നടുക്കുന്ന സംഭവം.

ഉളിഗ്രാം സ്വദേശിനിയും കല്ലഡ്കയിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിലെ ജീവനക്കാരിയുമായ ലാവണ്യ (21) യാണ് കൊല്ലപ്പെട്ടത്. ബെൽത്തങ്ങാടി ഒഡിൽനാല സ്വദേശിയായ ചേതൻ ആണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ സംഭവശേഷം ഒളിവിൽ പോയതോടെ വ്യാപക തിരച്ചിൽ ആരംഭിച്ചു.

പൊലീസിന്റെ പ്രാഥമിക വിവരങ്ങൾ പ്രകാരം, വൈകിട്ട് ആറുമണിയോടെ ബസ് കാത്തുനിൽക്കുകയായിരുന്ന ലാവണ്യയുടെ സമീപത്തെത്തിയ പ്രതി ബാഗിൽ നിന്ന് വെട്ടുകത്തി പുറത്തെടുത്തു. ഇത് കണ്ട യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്നാലെ ഓടിയെത്തി ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ലാവണ്യയെ ഉടൻ ബണ്ട്വാൾ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതി ആക്രമണം നടത്തി സ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തെ തുടർന്ന് ബണ്ട്വാൾ സബ് ഡിവിഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഒളിവിലുള്ള പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം തുടരുകയാണ്.

Tags

Share this story

From Around the Web