ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ച് 60 വർഷം ജീവിച്ച വനിത: ലോലയുടെ അദ്ഭുത ജീവിതം ഡോക്യുമെന്ററിയാകുന്നു
ഭക്ഷണമോ, വെള്ളമോ, ഉറക്കമോ ഇല്ലാതെ ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ച് ഏകദേശം 60 വർഷത്തോളം ജീവിച്ച് ലോകത്തെ അദ്ഭുതപ്പെടുത്തിയ ബ്രസീലിയൻ ദൈവദാസി ലോലയുടെ (Lola) ജീവിതം ആസ്പദമാക്കി ഡോക്യുമെന്ററി വരുന്നു. പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ റോഡ്രിഗോ ആൽവാരസ്, ജോർനാഡ ഇൻഫിനിറ്റ എന്നിവർ ചേർന്ന് നിർമ്മിച്ച ‘ലോല ഡി ജീസസ്: മിസ്റ്റീരിയോ ഇ ദേവോക്കാവോ’ എന്ന ഡോക്യുമെന്ററിയാണ് ലോലയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത്.
സാവോ പോളോയിൽ നടന്ന ‘എക്‌സ്‌പോ കാത്തോലിക്ക 2026’ ന്റെ ഭാഗമായുള്ള സിനിമാ പ്രദർശനത്തിൽ ജൂലൈ 23-നാണ് ഈ ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്.
ആരാണ് ലോല?
തന്റെ ആയുസ്സിന്റെ ഭൂരിഭാഗവും ഭക്ഷണവും വെള്ളവും ഉറക്കവുമില്ലാതെ കഴിച്ചുകൂട്ടിയ വ്യക്തിയാണ് ദൈവദാസി ഫ്ലോറിപ്പസ് ഡോർനെലാസ് ഡി ജീസസ് അഥവാ ‘ലോല’. എന്നാൽ, ലോലയുടെ ജീവിതത്തിന്റെ അവസാന അഞ്ച് വർഷങ്ങളിൽ അവരുടെ കൂടെയുണ്ടായിരുന്ന ഡോ. ക്ലോഡിയോ ബോംടെമ്പോയുടെ അഭിപ്രായത്തിൽ, ഈ അദ്ഭുത പ്രതിഭാസമല്ല ലോലയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം; ഈശോയുടെ തിരുഹൃദയ സ്നേഹം ലോകമെമ്പാടും വ്യാപിപ്പിക്കുക എന്നതായിരുന്നു ലോലയുടെ പ്രധാന ലക്ഷ്യം.
തിരുഹൃദയ ഭക്തിയിലേക്കുള്ള വഴി
1912 ജൂൺ 27-ന് ബ്രസീലിലെ മെഴ്‌സസിലാണ് ലോല ജനിച്ചത്. 16-ാം വയസ്സിൽ മരത്തിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ലോലയ്ക്ക് തളർവാതം പിടിപെട്ടു. ഇനി ഒരിക്കലും നടക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ലോല, തന്റെ ശേഷിക്കുന്ന ജീവിതം ഈശോയുടെയും മറിയത്തിന്റെയും തിരുഹൃദയ ഭക്തിക്കായി സമർപ്പിക്കാൻ തീരുമാനിച്ചു. ഈ തീരുമാനത്തിന് ശേഷമാണ് അവരുടെ ശരീരത്തിൽ അദ്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങിയത്. പിന്നീട് അവർക്ക് വിശപ്പും ദാഹവും ഉറക്കവും അനുഭവപ്പെടാതായി.
1943-ലെ ദുഃഖവെള്ളിയാഴ്ചയ്ക്ക് ശേഷം ലോല പൂർണ്ണമായും ഭക്ഷണം ഉപേക്ഷിച്ചു. തുടർന്ന് ദിവസേന സ്വീകരിക്കുന്ന ദിവ്യകാരുണ്യം മാത്രമായിരുന്നു അവരുടെ ഭക്ഷണം. വൈദ്യശാസ്ത്ര ലോകത്തെയും ഗവേഷകരെയും ഒരുപോലെ അദ്ഭുതപ്പെടുത്തിയ ഈ പ്രതിഭാസം ‘ഇനേഡിയ’ എന്ന് അറിയപ്പെടുന്നു.
കിടപ്പുമുറിയിൽ സൂക്ഷിച്ച ദിവ്യകാരുണ്യം
ഉറക്കമില്ലാതിരുന്ന ലോലയ്ക്ക്, അക്കാലത്തെ മാരിയാന ബിഷപ്പായിരുന്ന മോൺസിഞ്ഞോർ ഓസ്കാർ ഡി ഒലിവേര സ്വന്തം മുറിയിൽ ‘പരിശുദ്ധ കുർബാന’ സൂക്ഷിക്കാൻ പ്രത്യേക അനുമതി നൽകിയിരുന്നു. 64 വർഷത്തോളം കിടക്കയിൽ തന്നെ കഴിഞ്ഞ ലോല, 24 മണിക്കൂറും ദിവ്യകാരുണ്യത്തിന് മുന്നിൽ പ്രാർഥനയോടെ സമയം ചെലവഴിച്ചു.
1999-ലാണ് ലോല അന്തരിച്ചത്. 2005-ൽ മോൺസിഞ്ഞോർ ലൂസിയാനോ മെൻഡെസ് ഡി അൽമേഡ ഇവരുടെ വിശുദ്ധപദവി പ്രഖ്യാപനത്തിനായുള്ള നടപടികൾ ആരംഭിച്ചു. ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോയ ഈ പ്രക്രിയ കഴിഞ്ഞ വർഷമാണ് വീണ്ടും പുനരാരംഭിച്ചത്. നിലവിൽ രൂപതാതലത്തിലുള്ള പഠനങ്ങൾ പൂർത്തിയാകുന്നതോടെ ഫയലുകൾ വത്തിക്കാനിലേക്ക് അയക്കും.
ലോല 60 വർഷത്തിലധികം ജീവിച്ച റിയോ പോംബയിലെ ‘റേകാന്റോ സിറ്റിയോ ഡാ ലോള’ ഇന്ന് പ്രശസ്തമായ ഒരു തീർഥാടന കേന്ദ്രമാണ്. എല്ലാ മാസത്തെയും ആദ്യ വെള്ളിയാഴ്ചകളിലും മൂന്നാം ഞായറാഴ്ചകളിലും നിരവധി തീർഥാടകരാണ് ഇവിടെ പ്രാർഥനയ്ക്കായി എത്തുന്നത്.