പ്രസവശേഷം അസഹനീയമായ വേദന, മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രസവിച്ച യുവതിയുടെ വയറില്‍ നിന്ന് ലഭിച്ചത് തുണിക്കഷ്ണം
മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രസവിച്ച യുവതിയുടെ വയറില്‍ നിന്ന് രണ്ടര മാസത്തിന് ശേഷം ലഭിച്ചത് തുണിക്കഷ്ണം.
സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതി രംഗത്തെത്തി. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരിയാണ് മെഡിക്കല്‍ കോളേജിലെ സ്ത്രീരോഗവിഭാഗം ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്.
മന്ത്രി ഒ ആര്‍ കേളു , ഡിഎംഒ , ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പ്രസവം നടന്നത് ഒക്ടോബര്‍ പത്താം തീയതിയാണ്.
പ്രസവശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതി വീണ്ടും ആശുപത്രിയില്‍ പോയി. രണ്ടുതവണ ആശുപത്രിയില്‍ പോയിട്ടും സ്‌കാനിങ്ങിന് തയ്യാറായില്ല എന്നും യുവതി ആരോപിച്ചു.
ഇതിനുശേഷമാണ് ശരീരത്തില്‍ നിന്ന് തുണിക്കഷ്ണം പുറത്തുവന്നത്. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് തുണികഷണം കുടുങ്ങാന്‍ കാരണമെന്ന് ആക്ഷേപം. ഡോക്ടര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.