നൈറ്റ് ക്ലബിലെത്തിയ യുവതിയെ വിവസ്ത്രയാക്കി മര്‍ദിച്ചു; ചവിട്ടിക്കൂട്ടി ബൗണ്‍സര്‍മാര്‍, സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു

 
night clubs


 
ദിസ്പൂര്‍: ഗുവാഹത്തിയില്‍ നൈറ്റ് ക്ലബിലെത്തിയ യുവതിക്ക് ക്രൂരമര്‍ദനം. ക്ലബിലെ വനിത-പുരുഷ ബൗണ്‍സര്‍മാര്‍ ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി ഗുവാഹത്തിയിലെ 'ദി ലോക്കല്‍സ് കഫേ ആന്‍ഡ് ലോഞ്ചി'ലാണ് സംഭവം.

യുവതിയെ വിവസ്ത്രയാക്കിയ ശേഷം നിലത്തിട്ട് ചവിട്ടികൂട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വനിതാ ബൗണ്‍സര്‍മാരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇവരില്‍ ഒരാളും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ബിയര്‍ കുപ്പികൊണ്ട് യുവതിയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു.

ക്ലബ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും യുവതിയെ വലിച്ചിഴച്ച് പാര്‍ക്കിങ്ങിലേക്ക് കൊണ്ടുവരുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ എന്തിനാണ് യുവതിയെ ബൗണ്‍സര്‍മാര്‍ മര്‍ദിച്ചതെന്നോ തര്‍ക്കമുണ്ടായതെന്നോ വ്യക്തമല്ല.
സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. ക്ലബിന്റെ മാനേജര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിലായി. വിഷയം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചുവരികയാണെന്ന് ഗുവാഹത്തി പൊലീസ് കമ്മീഷണര്‍ പാര്‍ത്ഥസാരഥി മഹന്ത പറഞ്ഞു.
നിലവില്‍ നൈറ്റ് ക്ലബ് അടച്ചുപൂട്ടിയ നിലയിലാണ്. ക്ലബ് ജീവനക്കാരോ അധികൃതരോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Tags

Share this story

From Around the Web