കെ.എസ്ആര്‍ടിസിയില്‍ യുവതിയോട് ലൈംഗികാതിക്രമം; ഒരു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

 
ksrtc



തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. കന്യാകുമാരി തിരുവിതാംകോട് സ്വദേശി മഷൂക് മുഹമ്മദ് അലിയാണ് വിളപ്പില്‍ശാല പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കട വഴി വെള്ളറടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് ഇയാള്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയത്. അതിക്രമം ചോദ്യം ചെയ്ത യുവതി പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചാവിഷയമായതോടെ വിളപ്പില്‍ശാല പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ, നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം വ്യാപിപ്പിച്ചുകൊണ്ടാണ് പൊലീസ് വലയിലാക്കിയത്. ചെന്നൈയില്‍ ഒളിവില്‍ കഴിയുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിളപ്പില്‍ശാല, മലയിന്‍കീഴ് പൊലീസുകാര്‍ സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ വിളപ്പിന്‍ശാല പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

Tags

Share this story

From Around the Web