ഹോസ്റ്റലില്‍നിന്ന് വിളിച്ചിറക്കി യുവതിയെ ഭര്‍ത്താവ് തീകൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍

 
jayasree


കാക്കനാട്: ഹോസ്റ്റലില്‍ താമസിച്ചിരുന്ന യുവതിയെ പുറത്തേക്ക് വിളിച്ചിറക്കി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.

 ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ സ്വദേശിനി ജയശ്രീ (42)യെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും പത്തനംതിട്ട സ്വദേശിയുമായ അനില്‍കുമാറിനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിന് സമീപം അമ്പാടിമൂലയിലെ സ്വകാര്യ ഹോസ്റ്റലിന് മുന്നിലായിരുന്നു സംഭവം.

 ഹോസ്റ്റലില്‍ താമസിച്ചിരുന്ന ജയശ്രീയെ പുറത്തേക്ക് വിളിച്ചിറക്കിയ അനില്‍കുമാര്‍ കൈയില്‍ കരുതിയിരുന്ന കന്നാസിലെ പെട്രോള്‍ ശരീരത്തിലും മുഖത്തും ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


ജയശ്രീയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി തീയണയ്ക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 

തീ കൊളുത്തുന്നതിനിടയില്‍ അനില്‍കുമാറിന്റെ കൈക്കും പൊള്ളലേറ്റു. ജയശ്രീ അനില്‍കുമാറിന്റെ രണ്ടാം ഭാര്യയാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കിടയിലുള്ള തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന.


കാക്കനാട് സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിങ് വിഭാഗം താത്കാലിക ജീവനക്കാരനാണ് അനില്‍കുമാര്‍. 
ഇതേ ആശുപത്രിയില്‍ ജോലി മേടിച്ചു തരാമെന്ന് പറഞ്ഞാണ് ജയശ്രീയെ ഹോസ്റ്റലില്‍ താമസിപ്പിച്ചതെന്ന് താമസക്കാര്‍ പറഞ്ഞു.

 സംഭവസ്ഥലത്തും ഹോസ്റ്റലിലും പോലീസ് പരിശോധന നടത്തി. പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്.

Tags

Share this story

From Around the Web