ലണ്ടനിൽ സുവിശേഷ പ്രഘോഷണം തടഞ്ഞ ഇസ്ലാമിസ്റ്റുകളെ പ്രതിരോധിച്ച വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കു അഭിനന്ദന പ്രവാഹം
ലണ്ടന്‍: ബ്രിട്ടന്റെ ക്രിസ്തീയ പാരമ്പര്യത്തെ വെല്ലുവിളിച്ച് സുവിശേഷ പ്രഘോഷണം തടഞ്ഞ തീവ്ര ഇസ്ലാമിസ്റ്റുകളെ പ്രതിരോധിച്ച വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കു അഭിനന്ദന പ്രവാഹം. ഈസ്റ്റ് ലണ്ടനിലെ വൈറ്റ്ചാപ്പൽ റോഡില്‍ സുവിശേഷ പ്രഘോഷണം നടത്തിക്കൊണ്ടിരിന്ന ക്രൈസ്തവ വിശ്വാസിയെ ചോദ്യം ചെയ്യുകയും തള്ളി മാറ്റുകയും "ഇത് മുസ്ലിം പ്രദേശമാണ്" എന്ന വാദമുയര്‍ത്തുകയും ചെയ്ത ഇസ്ലാം മതസ്ഥര്‍ക്കു മുന്നില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കാണ് നവമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി ലഭിക്കുന്നത്. ഇവരുടെ ചിത്രങ്ങളും അഭിനന്ദന പോസ്റ്റുകളുമായി നിരവധി പേര്‍ മുന്നോട്ടു വന്നിരിക്കുകയാണ്.
ഇസ്ലാം മതസ്ഥര്‍ നടത്തിയ ആക്രോശത്തിനിടയിലും സുവിശേഷപ്രഘോഷകന്റെ പ്രസംഗിക്കാനുള്ള നിയമപരമായ അവകാശം പോലീസ് ഉദ്യോഗസ്ഥ വിശദീകരിക്കുകയായിരിന്നു. ബ്രിട്ടനിൽ എല്ലാ മതവിഭാഗങ്ങളിലുമുള്ള ആളുകൾക്ക് സംസാര സ്വാതന്ത്ര്യം ഒരുപോലെ ബാധകമാണെന്ന് അവര്‍ വ്യക്തമാക്കി. പ്രസംഗത്തിൽ അസ്വസ്ഥരായ ഇസ്ലാം മതസ്ഥരോട് മാറിനിൽക്കണമെന്ന് അവർ നിര്‍ദ്ദേശിക്കുന്നതും വീഡിയോയില്‍ ദൃശ്യമായിരിന്നു. അതേസമയം ലണ്ടനെ മുസ്ലിം കേന്ദ്രമാക്കി ചിത്രീകരിച്ചു ക്രൈസ്തവ വിശ്വാസത്തെ അപഹസിച്ച ഇസ്ലാം മതസ്ഥരായ യുവാക്കള്‍ക്ക് എതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പോലീസ് അന്വേഷണം തുടരുകയാണ്.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇസ്ലാം മതസ്ഥര്‍ക്ക് മുന്നില്‍ പതറാത്ത പോലീസ് ഉദ്യോഗസ്ഥയ്ക്കു അഭിനന്ദന പ്രവാഹമാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭയമോ പക്ഷപാതമോ ഇല്ലാതെ സാമാന്യബുദ്ധിയോടെയുള്ള പോലീസ് ഉത്തരവാദിത്വത്തിന് ഉദാഹരണമാണ് ഇതെന്ന് അസിസ്റ്റന്റ് കമ്മീഷണർ മാറ്റ് ട്വിസ്റ്റ് പറഞ്ഞു. അതേസമയം ബ്രിട്ടന്റെ ക്രിസ്തീയ പാരമ്പര്യം, മതസ്വാതന്ത്ര്യം തുടങ്ങീയ വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ യുകെയിൽ വ്യാപകമാകുന്നതിനിടെയാണ് സുവിശേഷ പ്രഘോഷകന് നേരെയുള്ള ആക്രമണമെന്നത് ശ്രദ്ധേയമാണ്.