ബൈക്കറായ യുവതിയെ ഇടിച്ചിട്ട സംഭവം: ഓടിച്ചത് സുഹൃത്തെന്ന് കാര്‍ ഉടമയായ സൈനികന്‍
ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ വനിതാ ബൈക്കറെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. യുവതിയെ അപകടത്തില്‍പ്പെടുത്തിയ കാര്‍ ഓടിച്ചത് തന്റെ സുഹൃത്താണെന്ന് കാറിന്റെ ഉടമസ്ഥനായ മനീഷ് പറഞ്ഞു.
നിലവില്‍ അസമില്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന താന്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. സുഹൃത്തായ കല്ല്യാണ്‍ കഴിഞ്ഞദിവസം വാഹനം ഓടിക്കാനായി വാങ്ങിയിരുന്നുവെന്നും മനീഷ് വിശദീകരിച്ചു.
ഞായറാഴ്ച തന്റെ വീട്ടിലെത്തിയാണ് കല്ല്യാണ്‍ താക്കോല്‍ വാങ്ങിയത്. അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ആളുകള്‍ ഫോണില്‍ വിളിക്കാന്‍ തുടങ്ങുകയും ചെയ്ത ശേഷമാണ് താന്‍ വിവരമറിയുന്നതെന്നും മനീഷ് പറഞ്ഞു.
ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്‌സ് റോഡില്‍ സ്‌പോര്‍ട്‌സ് ബൈക്കില്‍ ഗ്രൂപ്പംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സിയ എന്ന പേരുള്ള വനിതാ ബൈക്കറെ കാര്‍ ഇടിച്ചിട്ടത്. ബൈക്കില്‍ നിന്ന് യുവതി തെറിച്ചുവീണിരുന്നു.
ബൈക്കിന്റെ ആക്ഷന്‍ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സിയ തന്റെ ഇന്‍സ്റ്റഗ്രം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
അകലം പാലിക്കാന്‍ ആവശ്യപ്പെട്ട ബൈക്കറായ യുവതിയെ കാറിടിപ്പിച്ചുവീഴ്ത്തി, നിര്‍ത്താതെ പോയി
മദ്യപിച്ച നിലയില്‍ കാറിലുണ്ടായിരുന്നവര്‍ സിയയോട് അക്രമസ്വഭാവത്തോടെ പെരുമാറുകയും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. സിയ മുന്നോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും കാറിലുണ്ടായിരുന്നവര്‍ പിന്തുടരുകയും ബൈക്കിലേക്ക് വാഹനം വെട്ടിച്ച് മാറ്റിയ ശേഷം ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോവുകയുമായിരുന്നു.
ബൈക്കിന്റെ ആക്ഷന്‍ ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ നമ്പറും ആര്‍സി ഉടമസ്ഥന്റെ പേരും വിവരങ്ങളും സിയ വീഡിയോയ്ക്കൊപ്പം പങ്കുവെച്ചിരുന്നു. ഇതേതുടര്‍ന്നാണ് മനീഷ് വിശദീകരണവുമായി രംഗത്തെത്തിയത്.
ഗുരുഗ്രാമിലെ റോഡുകളില്‍ തനിക്ക് സുരക്ഷിതത്വം തോന്നുന്നില്ലെന്നും ഇത്തരം അശ്രദ്ധമായി വാഹനം ഓടിച്ച് ആളുകളുടെ ജീവന് ഭീഷണിയാകുന്നവര്‍ക്കെതിരെ ഗുരുഗ്രാം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും സിയ ആവശ്യപ്പെട്ടിരുന്നു.