യുവതി വീട്ടിനുള്ളില് കൊല്ലപ്പെട്ട നിലയില്; കൈകള് കൂട്ടിക്കെട്ടി ബാത്ത്റൂമില് മൃതദേഹം കണ്ടെത്തി
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില് സോഹ്നയ്ക്ക് സമീപമുള്ള ദൗല ഗ്രാമത്തില് യുവതിയെ സ്വന്തം വീട്ടിനുള്ളില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. 34-കാരിയായ നീതു ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച (ഒക്ടോബര് 16) ഉച്ചയ്ക്ക് രണ്ട് മണിയോടെ മക്കളോടൊപ്പം വീട്ടിലെത്തിയ ഭര്ത്താവ് പ്രശാന്ത് ആണ് വീടിനുള്ളിലെ ബാത്ത്റൂമില് മൃതദേഹം കണ്ടത്. യുവതിയുടെ കൈകള് കൂട്ടിക്കെട്ടിയ നിലയിലും വായയിലും മുഖത്തും ടേപ്പ് ഒട്ടിച്ച നിലയിലുമായിരുന്നു.
സ്വകാര്യ സ്കൂള് അധ്യാപകനായ പ്രശാന്ത് വെള്ളിയാഴ്ച (ഒക്ടോബര് 16) രാവിലെ രണ്ട് മക്കളുമായി സ്കൂളിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടില് തിരിച്ചെത്തിയപ്പോള് വീട്ടുസാധനങ്ങളെല്ലാം വലിച്ച് വാരിയിട്ട നിലയിലായിരുന്നു. തുടര്ന്ന് നടത്തിയ പരിശോധനയിലാണ് ബാത്ത്റൂമില് നീതുവിനെ മരിച്ച നിലയില് കണ്ടെത്തിയത്.
ഉടന് തന്നെ സോഹ്നയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എസിപി മുകേഷ് യാദവിന്റെയും സോഹ്ന സദര് എസ്.എച്ച്.ഒയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറന്സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള് ശേഖരിച്ചു.
കവര്ച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്.