ദൈവവിളി തിരിച്ചറിയാന്‍ യുവതി മഠത്തില്‍ പ്രവേശിച്ചു; സന്തോഷത്തോടെ സ്വീകരിച്ച് സന്ന്യാസിനിമാര്‍
തന്റെ ദൈവവിളി തിരിച്ചറിയാനുള്ള യാത്രയില്‍ ഒരു പടികൂടി മുന്നോട്ടുവയ്ക്കാന്‍ ആ യുവതി തീരുമാനിച്ചു. സമര്‍പ്പിതജീവിതത്തെ കൂടുതല്‍ അടുത്തറിയുന്നതിനായി കുറച്ചുനാള്‍ ഒരു മഠത്തില്‍ താമസിച്ച് അനുഭവവേദ്യമാക്കുക എന്നതായിരുന്നു അവളുടെ ലക്ഷ്യം.
മഠത്തിലെത്തിയ അവളെ സന്ന്യാസിനിമാര്‍ വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ആ നിമിഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടി.
സ്‌പെയിനിലെ വലന്‍സിയയിലുള്ള 'മോണാസ്റ്ററി ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ആന്‍ഡ് ബ്ലെസ്ഡ് ആഗ്‌നസ് ഓഫ് ബെനിഗാനിം' എന്ന മഠത്തിലാണ് റൂത്ത് എന്ന യുവതി തന്റെ ദൈവവിളി തിരിച്ചറിയാനുള്ള യാത്രയുടെ ഭാഗമായി എത്തിയത്.
ഡിസ്‌കാല്‍സ്ഡ് അഗസ്റ്റീനിയന്‍ സന്ന്യാസിനിമാരുടെ ജീവിതം പങ്കുവയ്ക്കുന്നതിനായിട്ടായിരുന്നു ഇത്.
''ഇന്നലെ, ഞായറാഴ്ച, മഠത്തിലെ ജീവിതം അനുഭവിച്ചറിയാന്‍ റൂത്ത് എത്തിയിരിക്കുന്നു,'' സന്ന്യാസിനിമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
യുവതിയുടെ വരവും കാത്ത് സന്ന്യാസിനിമാര്‍ ആകാംക്ഷയോടെ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. മഠത്തിന്റെ വാതില്‍ തുറന്നതും കൈയടികളോടെ അവര്‍ റൂത്തിനെ സ്വീകരിച്ചു. വികാരഭരിതയായ റൂത്ത് മഠത്തിലേക്ക് തന്റെ ആദ്യ ചുവടുകള്‍ വച്ചു.
തുടര്‍ന്ന് സന്ന്യാസിനിമാര്‍ മഠത്തിലെ വിവിധ ഭാഗങ്ങള്‍ അവള്‍ക്ക് കാണിച്ചുകൊടുക്കുകയും, പതിയെപ്പതിയെ റൂത്ത് അവരുടെ ദിനചര്യകളുടെ ഭാഗമായി മാറുകയും ചെയ്തു.
റൂത്തിന് ദൈവത്തിന്റെ വിളി തിരിച്ചറിയാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
ഏകാന്തതയിലും പ്രാര്‍ഥനയിലും കഴിയുന്ന ഈ സന്ന്യാസിനിമാരുടെ ജീവിതം 'പ്രാര്‍ഥന, സമൂഹജീവിതം, ജോലി, പഠനം' എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണെന്ന് മഠത്തിന്റെ വെബ്സൈറ്റില്‍ വിശദീകരിക്കുന്നു.
ദിനചര്യകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം, ദിവ്യകാരുണ്യ ആരാധന, യാമപ്രാര്‍ഥനകള്‍ , കൂടാതെ നിശ്ശബ്ദതയുടെയും വ്യക്തിഗത പ്രാര്‍ഥനയുടെയും സമയങ്ങളും ഉള്‍പ്പെടുന്നു.
ചാപ്പല്‍ പരിപാലിക്കുക, പ്രായമായ സഹോദരിമാരെയും മഠത്തെയും പരിചരിക്കുക, തോട്ടത്തിലും പൂന്തോട്ടത്തിലും ജോലിചെയ്യുക, മതപരമായ വസ്തുക്കള്‍ വില്‍ക്കുന്ന കട നോക്കിനടത്തുക എന്നിവയാണ് ഇവരുടെ ജോലികള്‍. കൂടാതെ, ദിവസവും അവര്‍ക്ക് ഒരുമിച്ച് ചെലവഴിക്കാന്‍ ഒരു വിശ്രമസമയമുണ്ട്.
''ദിവസത്തെ നിശ്ശബ്ദതയില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സംസാരിക്കുകയും തമാശകള്‍ പറയുകയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്ന സമയമാണിത്. 'ഈശോമിശിഹായോടൊപ്പം സന്തോഷം എപ്പോഴും വീണ്ടും ജനിക്കുന്നു,'' സന്ന്യാസിനിമാര്‍ പറയുന്നു.