ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ യുവതിക്ക് മരണം, ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്
ആലപ്പുഴ: കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപിഴവെന്ന് ആരോപണവുമായി കുടുംബം. കരുനാഗപ്പള്ളി സ്വദേശിനി സ്വാതി (25) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് പ്രവീണിന്റെ പരാതിയിൽ കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കടുത്ത വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വാതിക്ക് ഗർഭാശയ മുഴയുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയ്ക്കായി കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈ 17-ന് രാത്രി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടർമാർ അറിയിച്ചതായി കുടുംബം പറയുന്നു. എന്നാൽ പിന്നീട് പെട്ടെന്ന് ഹൃദയാഘാതമുണ്ടായെന്ന് അറിയിക്കുകയും, തുടർചികിത്സയ്ക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ വെച്ച് ബുധനാഴ്ചയാണ് മരണം സംഭവിച്ചത്.
ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയറ്ററിലേക്ക് പ്രവേശിപ്പിച്ച ശേഷം രക്തപരിശോധനാ റിപ്പോർട്ട് ആവശ്യപ്പെട്ടതിൽ കുടുംബം കടുത്ത സംശയം ഉന്നയിക്കുന്നുണ്ട്. ഗുരുതരമായ ഹൃദയാഘാതം ഉണ്ടായിട്ടും പരുമലയിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ വലിയ കാലതാമസം വരുത്തിയെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് വിശദമായ ഹൃദയപരിശോധന നടത്തിയിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. അഞ്ച് മാസം മുമ്പ് മാത്രമായിരുന്നു സ്വാതിയുടെ വിവാഹം.
അതേസമയം, സ്വാതിക്ക് ഹൃദ്രോഗ പശ്ചാത്തലം ഉണ്ടായിരുന്നുവെന്നും ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ ഈ വാദം കുടുംബം പൂർണ്ണമായും തള്ളിക്കളഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മെഡിക്കൽ ബോർഡ് രൂപീകരിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.