മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

 
MaveilkRa

ആലപ്പുഴ മാവേലിക്കര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചെന്ന് കുടുംബത്തിന്റെ പരാതി. തൃക്കുന്നപ്പുഴ സ്വദേശി ധന്യ(39) മരിച്ചത്. ചികിത്സാ പിഴവ് കാരണമെന്നാരോപിച്ച് ബന്ധുക്കൾ പൊലീസിൽ‌ പരാതി നൽകി.

മാവേലിക്കര വിഎസ്എം ആശുപത്രിയിലാണ് സംഭവം. ചികിത്സാ പിഴവ് ഇല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ആശുപത്രിയുടെ വിശദീകരണം.


വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് ധന്യ മരിച്ചത്. കീ ഹോൾ സർജറിയ്ക്കുള്ള അനുമതി പത്രമാണ് ആശുപത്രി അധികൃതർ ബന്ധുക്കളിൽ നിന്ന് ഒപ്പിട്ട് വാങ്ങിയത്. എന്നാൽ ഓപ്പൺ സർജറി നടത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

ശസ്ത്രക്രിയ ഇന്ന് പുലർച്ചെയാണ് നടത്തിയതെന്നും കീ ഹോൾ സർജറി തന്നെയാണ് നടത്തിയതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ശസ്ത്രക്രിയക്കിടെ കുടലിൽ ഒരു രക്ത സ്രാവം ഉണ്ടായി. രക്തസ്രാവം സങ്കീർണ്ണം ആയതോടെ ഓപ്പൺ സർജറി ചെയ്യേണ്ടിവന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

ഓപ്പൺ സർജറി നടത്തി രക്തസ്രാവം ഇല്ലാതാക്കി ശസ്ത്രക്രിയ പൂർത്തിയാക്കിയിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു.

ഇതിന് പിന്നാലെ ധന്യക്ക് ഹൃദയാഘാതമുണ്ടായെന്നും മരണം സംഭവിച്ചുവെന്നും ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്.

എന്നാൽ‌ ഇത് വിശ്വസിക്കാൻ കുടുംബം തയാറായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.

മൊഴി എടുക്കുന്നതടക്കമുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.

Tags

Share this story

From Around the Web