തിളച്ച സാമ്പാറിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം! അപകടം ഗണേശോത്സവത്തിനിടെ
വിജയവാഡ: ആന്ധ്രാപ്രദേശില്‍ ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. വിജയവാഡ സ്വദേശിനിയായ സുജാത (46) ആണ് മരിച്ചത്. ഞായറാഴ്ച(സെപ്റ്റംബര്‍ 20) രാവിലെ പാചകപ്പുരയിലായിരുന്നു അപകടം.
ഭക്തര്‍ക്കായുള്ള അന്നദാനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയില്‍, സാമ്പാര്‍ പാത്രം മാറ്റിവെക്കാന്‍ സഹായിക്കുന്നതിനിടെ സുജാത അബദ്ധത്തില്‍ തിളയ്ക്കുന്ന സാമ്പാറിലേക്ക് വീഴുകയായിരുന്നു. ഇവര്‍ മറ്റൊരു വ്യക്തിക്കൊപ്പം വലിയ ചെമ്പ് കൊണ്ടുപോകുന്നതും, തുടര്‍ന്ന് സുജാത അതിലേക്ക് വീഴുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടന്‍തന്നെ നാട്ടുകാരും സംഘാടകരും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ.സി.യുവില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 21 ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, യുവതി പാത്രത്തിലേക്ക് വീഴാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.