കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്കിടെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം
കോട്ടയം വെങ്കോട്ട മുണ്ടുകുഴി സ്വദേശിനിയായ വിദ്യ (45) കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. തിരുവല്ലയിലെ ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ സെന്ററിനെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം ചങ്ങനാശേരി പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ 16-നാണ് വിദ്യ കയ്യിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടയില്‍ ഇന്നലെ രാത്രിയാണ് വിദ്യ മരണപ്പെട്ടത്.
ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചിട്ടും ആശുപത്രി അധികൃതര്‍ കൃത്യമായ പരിചരണം നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. സി.പി.ആര്‍. നല്‍കിയതിലുണ്ടായ പിഴവ് മൂലം ബ്രെയിന്‍ ഡാമേജ് സംഭവിച്ചെന്നും, രോഗിയുടെ ഗുരുതരാവസ്ഥ ആശുപത്രി അധികൃതര്‍ ബോധപൂര്‍വ്വം മറച്ചുവെച്ചെന്നും കുടുംബം പരാതിയില്‍ പറയുന്നു. കയ്യിലെ ശസ്ത്രക്രിയയിലും ഗുരുതരമായ വീഴ്ചകള്‍ വന്നിട്ടുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. എസ്. സന്തോഷ് ആണ് പരേതനായ വിദ്യയുടെ ഭര്‍ത്താവ്. സിദ്ധാര്‍ത്ഥ്, സംഗീത് എന്നിവരാണ് മക്കള്‍.
അതേസമയം, കുടുംബത്തിന്റെ എല്ലാ ആരോപണങ്ങളും ആശുപത്രി അധികൃതര്‍ പൂര്‍ണ്ണമായി നിഷേധിച്ചു. ചികിത്സയില്‍ യാതൊരുവിധ പിഴവും സംഭവിച്ചിട്ടില്ലെന്നും, ഹൃദയാഘാതമാണ് മരണത്തിന് കാരെന്നുമാണ് ആശുപത്രിയുടെ ഔദ്യോഗിക വിശദീകരണം.