ചന്തക്കവലയില്‍ ബസിടിച്ച് യുവതി മരിച്ച സംഭവം; തണ്ടപ്ര ബസ് ഡ്രൈവറുടെ ലൈസന്‍സും വണ്ടിയുടെ ഫിറ്റ്നസും സസ്പെന്‍ഡ് ചെയ്യും. ബസില്‍ ഉണ്ടായിരുന്നത് തേയ്മാനം സംഭവിച്ച ടയറുകളെന്ന് എംവിഡി
കോട്ടയം: ചന്തക്കവലയില്‍ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി പരുക്കേറ്റു യുവതി മരിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിന് ഇടയാക്കിയ തണ്ടപ്ര ബസിന്റെ ഡ്രൈവറുടെ ലൈസന്‍സും വണ്ടിയുടെ ഫിറ്റ്നസും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം. വാഹനം ഓടിച്ച ഡ്രൈവര്‍ കുറിച്ചി സ്വദേശി അതുല്‍ ബിജു നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.
നട്ടാശേരി ഗാന്ധിസ്മാരക കേന്ദ്രത്തിനു സമീപം ഇഞ്ചേരിക്കുന്ന് പാറയില്‍ വീട്ടില്‍ അഞ്ജലി അജയ് (19) ആണ് അപകടത്തില്‍ മരണപ്പെട്ടത്. ചന്തക്കവലയ്ക്കു സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.
കോട്ടയം ചന്തക്കവല ജങ്ഷനോട് ചേര്‍ന്നു സ്വകാര്യ ബസ് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ വലിയ അപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു.
അമിതവേഗതയും തേയ്മാനം സംഭവിച്ച ടയറുകളുമാണ് അപകടകാരണമെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
വൈകുന്നേരങ്ങളില്‍ തിരക്കു കുറവുള്ളതും നേരെ കിടക്കുന്നതുമായ റോഡായതിനാല്‍ ഡ്രൈവര്‍ ഈ ഭാഗത്ത് അനാവശ്യമായി അമിതവേഗത ഉപയോഗപ്പെടുത്തിയതായാണ് എം.വി.ഡിയുടെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മഴ പെയ്തു കിടന്ന റോഡിലൂടെ ഉയര്‍ന്ന വേഗതയില്‍ വന്ന വാഹനം പെട്ടെന്നു ബ്രേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഇടത്തോട്ട് തെന്നിമാറി റോഡരികിലെ കൈവരിയില്‍ ഇടിക്കുകയായിരുന്നു.
തുടര്‍ന്നു നടത്തിയ വാഹന പരിശോധനയില്‍ ബസിന്റെ പിന്നിലെ ടയറുകള്‍ക്കു കാര്യമായ തേയ്മാനം സംഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഈ സാങ്കേതിക തകരാറും അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. സംഭവത്തെ തുടര്‍ന്നു പോലീസുമായി നടത്തിയ അന്വേഷണത്തില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ വാഹനത്തിന്റെ തുടര്‍ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ അന്തിമ ഫലം കൂടി ലഭിച്ചശേഷമേ വാഹനം വീണ്ടും നിരത്തിലിറക്കുവാനുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും അനുമതിയും നല്‍കുകയുള്ളൂവെന്നു മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്തമായി വരും ദിവസങ്ങളില്‍ കര്‍ശന പരിശോധനകള്‍ നടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെ കോട്ടയം ചന്തക്കവലയിലാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ തണ്ടപ്ര എന്ന സ്വകാര്യ ബസ് ഇടിച്ചു അഞ്ജലി അടക്കം അഞ്ചു സ്ത്രീകള്‍ക്ക് പരുക്കേറ്റിരുന്നു.
ഇത്തിത്താനം സുഭാഷ് ഭവനില്‍ ശ്രീകുമാരി (54), മറിയപ്പള്ളി മുട്ടം ഉള്ളാട്ട് വീട്ടില്‍ ജയ (51), കൊല്ലാട് കലേഷ് ഭവനില്‍ അനുമോള്‍ സുരേഷ് (48), ചങ്ങനാശേരി മലകുന്നം ആനക്കുഴി വീട്ടില്‍ എ.കെ സുനി (46) എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. വാഹനം ഓടിച്ച ഡ്രൈവര്‍ കുറിച്ചി സ്വദേശി അതുല്‍ ബിജു , കണ്ടക്ടര്‍ മലകുന്നം സ്വദേശി ഷാലു എന്നിവരെ വെസ്റ്റ് പോലീസ് ഇന്നലെ രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.