നോട്ട് വായിൽ വെച്ചു നൽകി, പണം വാങ്ങാതെ വനിതാ കണ്ടക്ടർ ഇറങ്ങിപ്പോയി, കെഎസ്ആർടിസി ട്രിപ്പ് മുടങ്ങി

 
KSRTC

കൊച്ചി: കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരന്‍ വായില്‍ കടിച്ചുപിടിച്ച ശേഷം നല്‍കിയ നോട്ട് വാങ്ങാന്‍ കൂട്ടാക്കാതെ വനിതാ കണ്ടക്ടര്‍ ബസിൽ നിന്ന് ഇറങ്ങിപ്പോയി. വാക്കുതര്‍ക്കത്തിനൊടുവിലുണ്ടായ സംഭവത്തെ തുടർന്ന് ബസിന്റെ ട്രിപ്പ് മുടങ്ങുകയും ചെയ്തു.

മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്നു വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്താട്ടുകുളം സ്റ്റാന്‍ഡിലെത്തിയ പ്രിയദര്‍ശിനി ഓര്‍ഡിനറി ബസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യാത്രക്കാരന്‍ നോട്ട് വായില്‍ കടിച്ചുപിടിച്ച ശേഷം നല്‍കിയപ്പോഴാണ് കണ്ടക്ടര്‍ ഇത് വാങ്ങാന്‍ വിസമ്മതിച്ചത്. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായി.

തുടർന്ന് ബസില്‍ നിന്നിറങ്ങിയ കണ്ടക്ടര്‍ നേരെ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ മുന്‍പാകെയെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. പിന്നാലെ കൂത്താട്ടുകുളം പൊലീസിലും വിവരമറിയിച്ച ശേഷം അവര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞ് പൊലീസ് സംഘം സ്റ്റാന്‍ഡിലെത്തി അന്വേഷണം നടത്തുകയും ചെയ്തു.

ആശുപത്രിയില്‍ നിന്നു ചികിത്സയ്ക്ക് ശേഷം കണ്ടക്ടര്‍ കൂത്താട്ടുകുളം സ്റ്റാന്‍ഡില്‍ മടങ്ങിയെത്തിയെങ്കിലും കടുത്ത മാനസിക സമ്മര്‍ദ്ദം മൂലം ഇനി ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ രോഹിണിയോടു വ്യക്തമാക്കി. ആശുപത്രിയില്‍ നിന്നുള്ള ഒ.പി ടിക്കറ്റും അവധിക്കുള്ള അപേക്ഷയും അവര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ക്കു കൈമാറുകയും ചെയ്തു.

സംഭവത്തെ തുടർന്ന് ബസിലെ യാത്രക്കാരും ഡ്രൈവറും കുറച്ചു സമയം സ്റ്റാൻഡിൽ കാത്തിരുന്നു. ഉടൻതന്നെ മൂവാറ്റുപുഴ ഡിപ്പോയില്‍ വിവരമറിയിച്ചെങ്കിലും പകരം കണ്ടക്ടറെ ലഭിച്ചില്ല. ഇതോടെ ബസ് സര്‍വീസ് നടത്താനാവാതെ കൂത്താട്ടുകുളം സ്റ്റാന്‍സില്‍ തന്നെ കിടക്കേണ്ടി വന്നു.

Tags

Share this story

From Around the Web