പ്രണയാഭ്യര്‍ഥനയുടെ പേരില്‍ യുവതി ആത്മഹത്യ ചെയ്തു; പിന്നാലെ യുവാവിനെ തല്ലിക്കൊന്നു, ബന്ധുക്കള്‍ അറസ്റ്റില്‍
നാഗര്‍കോവില്‍: പ്രണയാഭ്യര്‍ഥനയുമായെത്തിയ യുവാവിന്റെ നിരന്തരമായ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ, യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലിന് സമീപം കൊട്ടാരം പെരുവിളയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊട്ടാരം പെരുവിള സ്വദേശി ജ്ഞാനശെല്‍വത്തിന്റെ മകള്‍ ഏയ്ഞ്ചല്‍ (26) ആണ് ജീവനൊടുക്കിയത്. സംഭവത്തില്‍, യുവതിയുടെ അയല്‍വാസിയായ പെരുവിള സ്വദേശി ആന്റണിരാജ് (30) കൊല്ലപ്പെട്ടു.
മാസങ്ങളായി ആന്റണിരാജ് ഏയ്ഞ്ചലിനെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നത് പതിവായിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ കഴിഞ്ഞ മാസം യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് കന്യാകുമാരി പോലീസ് ആന്റണിരാജിനെ അറസ്റ്റ് ചെയ്‌തെങ്കിലും, ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇയാള്‍ വീണ്ടും ശല്യം തുടരുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ ഏയ്ഞ്ചല്‍, ഞായറാഴ്ച (ഒക്ടോബര്‍ 11) ഉച്ചയോടെ മുറിക്കുള്ളില്‍ ഉറങ്ങാന്‍ പോയ ശേഷമാണ് ജീവനൊടുക്കിയത്.
വിവരമറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടിയ സമയത്ത് ആന്റണിരാജും വീടിനുമുന്നില്‍ എത്തിയിരുന്നു. ഏയ്ഞ്ചലിന്റെ മരണത്തിന് കാരണക്കാരനായ ഇയാളെ കണ്ടതോടെ പ്രകോപിതരായ ബന്ധുക്കള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിയേറ്റാണ് ആന്റണിരാജ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഏയ്ഞ്ചലിന്റെ ബന്ധുക്കളായ അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തു. രവിശെല്‍വന്‍ (56), യേശുനേശ ശെല്‍വന്‍ (58), സഹോദരന്മാരായ ബെവിന്‍ (26), ബെനിസ് (25), വിനിസ് (22) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ കന്യാകുമാരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.