ആണ്‍സുഹൃത്തുമായുള്ള വീഡിയോ കോളിനിടെ ജീവനൊടുക്കി യുവതി; മരണശേഷവും 23 മിനിറ്റ് കോള്‍,യുവതിയെ തടയാന്‍ ആണ്‍സുഹൃത്ത് ശ്രമിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടു
ന്യൂഡല്‍ഹി: നാഗ്പൂരില്‍ ആണ്‍സുഹൃത്തുമായുള്ള വീഡിയോ കോളിനിടെ ജീവനൊടുക്കി യുവതി. ഏറെക്കാലമായി പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചത്.
34-കാരനായ യുവാവ് യുവതിയെ പലപ്പോഴായി ലൈംഗികോപദ്രവം ഏല്‍പ്പിച്ചിട്ടുണ്ടെന്നും കല്യാണം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
ഇരുവരും തമ്മില്‍ വര്‍ഷങ്ങളായുള്ള പരിചയമുണ്ടായിരുന്നെന്നാണ് പൊലീസ് ഭാഷ്യം. നാഗ്പൂരിലെ ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന യുവതി ധന്റോളി പ്രദേശത്ത് ഒരു സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്.
പൂണെയില്‍ പിഎച്ച്ഡി ചെയ്യുകയായിരുന്നു കുറ്റാരോപിതനായ യുവാവെന്നും പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയാണ് യുവാവ്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് യുവാവും സുഹൃത്തും ചേര്‍ന്ന് യുവതിയുടെ മാതാവിനെ വന്നുകണ്ടിരുന്നു. തങ്ങളിരുവരും ഒരുപാട് കാലങ്ങളായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും യുവാവ് മാതാവിനോട് അന്ന് പറയുകയുണ്ടായി. യുവതിയുടെ മാതാവ് സമ്മതം മൂളുകയും ചെയ്തിരുന്നു.
അതേസമയം, യുവാവിന്റെ കുടുംബത്തിന് ഈ കല്യാണത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. ഇക്കാര്യം ഇയാള്‍ യുവതിയോട് മറച്ചുവെക്കുകയും നാഗ്പൂരില്‍ വെച്ച് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ തുടരുകയും ചെയ്യുകയായിരുന്നു.
അധികം വൈകാതെ കല്യാണക്കാര്യവുമായി യുവതി യുവാവിനെ സമീപിച്ചപ്പോള്‍ വിഷയം മാറ്റാനാണ് യുവാവ് ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. നിരന്തരം ഇക്കാര്യവുമായി പിന്നാലെയെത്തിയതോടെ തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് യുവാവ് യുവതിയെ അറിയിക്കുകയും ചെയ്തു.
വിവാഹക്കാര്യം ഇനിയും ആവര്‍ത്തിക്കുന്ന പക്ഷം യുവതിയുടെ സ്വകാര്യഫോട്ടോകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ കുടുംബം പരാതിപ്പെടുന്നു.
ഏറെ അടുപ്പമുണ്ടായിരുന്നിട്ട് പോലും വിവാഹഭ്യര്‍ത്ഥന നിരസിച്ചത് യുവതിയെ മാനസികസമ്മര്‍ദ്ധത്തിലാക്കുകയായിരുന്നെന്നും കുടുംബം ആരോപിക്കുകയുണ്ടായി.
ഏറ്റവുമൊടുവില്‍ യുവതി ഇയാളെ വീഡിയോ കോള്‍ ചെയ്യുകയും താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് തുറന്നുപറയുകയുമായിരുന്നു. യുവതിയെ തടയാന്‍ ഇയാള്‍ ചെറിയൊരു ശ്രമം പോലും നടത്തിയില്ലെന്നും കുടുംബത്തിന്റെ പരാതിയിലുണ്ട്.
വീഡിയോ കോളിനിടെ തന്നെയാണ് യുവതി ജീവനൊടുക്കിയത്. ഇതിന് ശേഷവും ഏകദേശം 23 മിനിറ്റ് നേരം വീഡിയോ കോള്‍ തുടര്‍ന്നിരുന്നെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
സംഭവത്തില്‍ ധന്റോളി പൊലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.