പ്രത്യേക വിഭവങ്ങള്‍ പാചകം ചെയ്യാന്‍ ഭര്‍ത്താവില്‍ നിന്ന് 1,000 രൂപ ഈടാക്കി യുവതി; സൈബര്‍ ലോകത്ത് വന്‍ ചര്‍ച്ച. ഒടുവില്‍ മറുപടിയുമായി യുവതി

 
cyber



ഗുഡ്ഗാവ്: ഭര്‍ത്താവിന് കഫേ സ്‌റ്റൈല്‍ പ്രത്യേക ഭക്ഷണങ്ങള്‍ ഉണ്ടാക്കി നല്‍കുന്നതിന് 1,000 രൂപ വീതം ഈടാക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പ്രതികരണവുമായി ഗുഡ്ഗാവ് സ്വദേശിനിയും ഫുഡ് കണ്ടെന്റ് ക്രിയേറ്ററുമായ പ്രിയ. തങ്ങളുടെ ഈ രീതി പരസ്പരം പണം ഈടാക്കാനുള്ളതല്ലെന്നും പാചകത്തിന് പിന്നിലെ സമയത്തെയും അധ്വാനത്തെയും അര്‍ഹിക്കുന്ന രീതിയില്‍ ബഹുമാനിക്കാനും അഭിനന്ദിക്കാനുമുള്ള വഴിയാണെന്നുമാണ് പ്രിയ പറയുന്നത്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ 1.2 മില്യണിലധികം ആളുകളാണ് കണ്ടത്. 'ഇതൊക്കെ ഒരു ഭാര്യ ചെയ്യേണ്ട കാര്യമല്ലേ എന്ന് ആളുകള്‍ പറഞ്ഞേക്കാം, എന്നാല്‍ ഈ ഭാര്യ അത് ചെയ്യില്ല' എന്നായിരുന്നു വീഡിയോയില്‍ പ്രിയ പറഞ്ഞത്. വിഡിയോ വൈറലായതോടെ പ്രിയയെ 'മെറ്റീരിയലിസ്റ്റിക്' എന്നും 'ബഹുമാനമില്ലാത്തവള്‍' എന്നും വിളിച്ച് നിരവധിയാളുകള്‍ അധിക്ഷേപിച്ച് രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് മറുപടിയുമായി പ്രിയ രംഗത്തുവന്നത്.

ചണ്ഡീഗഡ് സ്വദേശിയായ 33-കാരി പ്രിയ 2023-ല്‍ വിവാഹശേഷമാണ് ഗുഡ്ഗാവിലേക്ക് താമസം മാറിയത്. ഫാഷന്‍ ഡിസൈനിംഗ് പഠിച്ച പ്രിയ 'കണ്‍സെപ്റ്റ് കപ്ഡ' എന്ന സ്വന്തം ക്ലോത്തിംഗ് ലേബല്‍ അഞ്ച് വര്‍ഷത്തോളം നടത്തിയിരുന്നു. നിലവില്‍ ഓണ്‍ലൈനില്‍ ആരോഗ്യകരമായ പാചകക്കുറിപ്പുകള്‍ പങ്കുവെക്കുന്ന ഫുഡ് കണ്ടെന്റ് ക്രിയേറ്ററാണ് . പ്രിയയുടെ ഭര്‍ത്താവ് സ്വന്തമായി ആര്‍ക്കിടെക്ചറല്‍ ആന്റ് ഡിസൈന്‍ കമ്പനി നടത്തുന്ന ഒരു ആര്‍ക്കിടെക്റ്റാണ്.


പഞ്ചാബി കുടുംബ പശ്ചാത്തലമുള്ള പ്രിയക്ക് പാചകം എപ്പോഴും ഇഷ്ടമേഖലയാണ്. 2023-ല്‍ വിവാഹിതരായ ശേഷം പങ്കാളികള്‍ തമ്മിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഈ ആശയം ഉയര്‍ന്നുവന്നത്. 

അതിനെ കുറിച്ച് പ്രിയ പറയുന്നത് ഇങ്ങനെയാണ്. 'ഞങ്ങള്‍ ജോലി, വീട്ടുചുമതലകള്‍, ഭാവി കുടുംബജീവിതം എന്നിവയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. രണ്ടുപേരും സാമ്പത്തികമായി സംഭാവന നല്‍കുമ്പോള്‍, ഭാര്യയായതുകൊണ്ട് മാത്രം പാചകം എന്നത് എന്നില്‍ നിന്ന് മാത്രം പ്രതീക്ഷിക്കുന്ന ഒന്നായി മാറുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ ചോദിച്ചു. വീട്ടില്‍ വെച്ച് കാഫേ സ്‌റ്റൈല്‍ ഭക്ഷണം ഉണ്ടാക്കി തരുമ്പോള്‍ അതിന് എപ്പോഴും പണം വാങ്ങാതിരിക്കാന്‍ കഴിയില്ലെന്ന് തമാശയായി പറഞ്ഞു.


ഇതിന് മറുപടിയായി, പുറത്തുള്ള കാഫേയില്‍ നല്‍കുന്ന 1,000 രൂപ നല്‍കാന്‍ തനിക്ക് കൂടുതല്‍ സന്തോഷമെന്ന് ഭര്‍ത്താവ് പറയുകയായിരുന്നു. അന്നുമുതല്‍ പ്രത്യേക വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഭര്‍ത്താവ് പ്രിയയുടെ അക്കൗണ്ടിലേക്ക് 1,000 രൂപ അയച്ചുകൊടുക്കുന്നത് ഒരു ശീലമായി മാറി. വീട്ടമ്മമാരുടെ അദൃശ്യമായ അധ്വാനത്തെയും അധ്വാനഭാരത്തെയും അംഗീകരിക്കാനാണ് ഈ രീതി സഹായിക്കുന്നതെന്ന് പ്രിയ പറയുന്നു.

Tags

Share this story

From Around the Web