ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര, മാറാൻ ആവശ്യപ്പെട്ട ടിടിഇയെ യുവതി മർദിച്ചതായി പരാതി

 
rr

പാലക്കാട്: തീവണ്ടിയിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇക്ക് നേരെ കയ്യേറ്റം. ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് ടിടിഇയെ മർദിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം.

ഫറോക്കിൽ നിന്നും കുറ്റിപ്പുറത്തേക്ക് ജനറൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുകയായിരുന്നു യുവതി. എന്നാൽ ഇവർ കയറിയത് ട്രെയിനിലെ എസ്5 റിസർവേഷൻ കമ്പാർട്ട്മെന്റിലായിരുന്നു. ഫറോക്ക് റെയിൽവേ സ്റ്റേഷൻ പിന്നിട്ടതിന് ശേഷം പരിശോധന നടത്തിയ പാലക്കാട് ഡിവിഷനിലെ ടിടിഇ സുജിത്ത് യുവതിയോട് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു.

ജനറൽ ടിക്കറ്റായതിനാൽ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യാൻ കഴിയില്ലെന്നും, വനിതാ കമ്പാർട്ട്മെന്റിലേക്ക് മാറണമെന്നും ടിടിഇ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതയായ യുവതി ടിടിഇയെ മർദിക്കുകയായിരുന്നു. ഷൊർണൂർ റെയിൽവേ പൊലീസിൽ പരാതി നൽകിയ ശേഷം പരിക്കേറ്റ ടിടിഇയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തന്നോട് ടിടിഇ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് യുവതിയും ഷൊർണൂർ റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags

Share this story

From Around the Web