വിവാഹ വാഗ്ദാനം നല്കി 20 ലക്ഷം രൂപ തട്ടിയെന്ന് പരാതി; യുവതിക്കെതിരെ കേസ്, സോഷ്യല്‍ മീഡിയ വഴിയാണ് യുവാവ് യുവതിയെ പരിചയപ്പെട്ടത്
കോഴിക്കോട്: വിവാഹ വാഗ്ദാനം നല്കി യുവാവില്‍ നിന്ന് 20,81,450 രൂപ തട്ടിയെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച്.എം. ഹൈമയ്ക്കെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കേസെടുത്തത്. കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി.
സോഷ്യല്‍ മീഡിയ വഴിയാണ് യുവാവ് യുവതിയെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് യുവതി പണം കൈക്കലാക്കിയെന്നാണ് പരാതി. 2025 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 20,01,450 രൂപ തട്ടിയെടുത്തെന്നാണ് യുവാവിന്റെ ആരോപണം.
താന്‍ വിവാഹിതയാണെന്ന വിവരം മറച്ചുവെച്ചാണ് യുവതി ബന്ധം സ്ഥാപിച്ചതെന്നും പരാതിയില്‍ പറയുന്നു. പിന്നീട് പണം തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാതെ വന്നതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്. യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.