പിസി ജോര്‍ജിന്‍റെയും ഷോണ്‍ ജോര്‍ജിന്‍റെയും പ്രസ്താവനകളോടെ തകര്‍ന്നത് ബിജെപിയുടെ 10 വര്‍ഷം നീണ്ട 'ക്രിസ്ത്യന്‍ ഔട്ട് റീച്ച് ' ! തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാന്‍ തീരുമാനം
തിരുവനന്തപുരം: ക്രൈസ്തവ സഭകളെ ശത്രുപക്ഷത്തു നിര്‍ത്തി ദേശീയ നിര്‍വാഹക സമിതി അംഗം പിസി ജോര്‍ജും സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോണ്‍ ജോര്‍ജും നടത്തിയ വിവാദ പ്രസ്താവനകളില്‍ ബിജെപിയുടെ ഇടപെടല്‍ ഫല പ്രഖ്യാപനത്തിനു ശേഷമെന്ന് സൂചന.
ഫല പ്രഖ്യാപനത്തില്‍ പൂഞ്ഞാറില്‍ താന്‍ വിജയിക്കുമെന്ന ശക്തമായ അവകാശവാദമാണ് പിസി ജോര്‍ജ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. വിജയിക്കുകയോ രണ്ടാം സ്ഥാനത്തെത്തുകയോ ചെയ്യുമെന്നാണ് ഷോണ്‍ ജോര്‍ജും അറിയിച്ചിട്ടുള്ളത്.
അതിനാല്‍ തന്നെ ഫല പ്രഖ്യാപനം വരെ കാത്തിരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതരാണ്. പിസി ജോര്‍ജ് വിജയിച്ചാല്‍ നടപടിയെടുത്ത് അദ്ദേഹത്തെ പിണക്കി നിര്‍ത്തുന്നത് ഗുണകരമാകില്ല. അല്ലാത്ത പക്ഷം ജോര്‍ജും ഷോണും ബിജെപിക്ക് ബാധ്യതയാണ്.
ബിജെപിയുടെ സംസ്ഥാന നേതൃനിരയില്‍ 90 ശതമാനവും ജോര്‍ജിനും മകനും എതിരായിരിക്കയാണ്. പക്ഷേ, സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിന്‍റെ പിന്തുണ നിലവിലെ സാഹചര്യത്തില്‍ ഷോണിനുണ്ട്. എന്നാല്‍ ദേശീയ നേതൃത്വം ഒരു നിലപാടെടുത്താല്‍ അദ്ദേഹത്തിന് അത് അനുസരിക്കാതിരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും.
മാത്രമല്ല, സംസ്ഥനത്ത് ക്രൈസ്തവ വിഭാഗങ്ങളുമായുള്ള ബന്ധത്തില്‍ ഇരുവരുടെയും പ്രസ്താവനയ്ക്കു ശേഷം കാര്യമായ വിള്ളല്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
സഭകളുമായുള്ള നിലവിലെ ഇഴയടുപ്പം ബിജെപിയുടെ കേരള നേതാക്കള്‍ കഴിഞ്ഞ 10 വര്‍ഷങ്ങളിലെ നിരന്തര ബന്ധത്തിലൂടെ ഉണ്ടാക്കിയെടുത്തതാണ്. ബിജെപിയുടെ മൈനോറിറ്റി മോര്‍ച്ചയ്ക്കും ഇതില്‍ വലിയ പങ്കുണ്ട്.
ഇക്കാലയളവുകളില്‍ സംസ്ഥാന നേതൃനിരയുടെ ഭാഗമായിരുന്ന വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, പിഎസ് ശ്രീധരന്‍ പിള്ള, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരൊക്കെ ക്രൈസ്തവ വിഭാഗങ്ങളെ ഏറെ ആദരവോടെ സമീപിച്ചിരുന്നവരാണ്.
ഇവരാരും നേരം പുലരുമ്പോള്‍ ക്രൈസ്തവ സഭകള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് വിചാരിച്ച് അവരെ പരിഗണിക്കുന്നവരല്ല. അത് വര്‍ഷങ്ങള്‍ കൊണ്ട്, സമയമെടുത്ത് മാത്രം ഉണ്ടാകാനിടയുള്ള മാറ്റമായാണ് ബിജെപി കാണുന്നത്. അതിനിടയില്‍ സഭകളെ വിശ്വാസത്തിലെടുക്കാന്‍ വേണ്ടി നടത്തുന്ന ഇടപെടലുകള്‍ക്ക് കണക്ക് പറയുന്ന അല്‍പ്പത്തരങ്ങള്‍ ഇവര്‍ക്കാര്‍ക്കുമില്ല.
ഈ സാഹചര്യത്തില്‍ രണ്ടു വര്‍ഷം മുമ്പ് പല പാര്‍ട്ടികള്‍ മാറി ഗത്യന്തരമില്ലാതെ പാര്‍ട്ടിയിലെത്തിയ രണ്ടു പേര്‍ ഇതിനെയെല്ലാം തകിടം മറിക്കുന്ന തരത്തില്‍ നടത്തിയ ഇടപെടലുകളില്‍ ബിജെപി സംസ്ഥാന ഘടകത്തിനുള്ളില്‍ കടുത്ത അതൃപ്തിയാണ് പുകയുന്നത്. ഒന്നും വയ്യാത്ത അവസ്ഥയിലാണ് രാജീവ് ചന്ദ്രശേഖര്‍.
ക്രേസ്തവ വിഭാഗങ്ങളെ കൂടെ കൂട്ടാന്‍ വര്‍ഷങ്ങളായി പണിയെടുക്കുന്ന ബിജെപിയുടെ മൈനോറിറ്റി മോര്‍ച്ചയും നിലവിലെ സാഹചര്യത്തില്‍ കടുത്ത നിരാശയിലാണ്.
മൈനോറിറ്റി മോര്‍ച്ച മുന്‍ പ്രസിഡന്‍റ് ജിജി ജോസഫും നിലവിലെ പ്രസിഡന്‍റ് സുമിത് ജോര്‍ജും സഭകളുമായി നല്ല ബന്ധമുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി അനൂപ് ആന്‍റണിയുമൊക്കെ ഇതുവരെ നടത്തിയ ക്രൈസ്തവ അനുനയ നീക്കങ്ങളാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.