ഓണാഘോഷത്തിനായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികളുടെ തിരക്ക് വർധിച്ചതോടെ അന്തർസംസ്ഥാന സ്വകാര്യ ബസ് ഓപ്പറേറ്റർമാർ കൊള്ളലാഭം

 
colour bus

കോട്ടയം: ഓണാഘോഷത്തിനായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികളുടെ തിരക്ക് വർധിച്ചതോടെ അന്തർസംസ്ഥാന സ്വകാര്യ ബസ് ഓപ്പറേറ്റർമാർ കൊള്ളലാഭം. ഓണദിനങ്ങളിൽ അയൽസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് മുതലാക്കിയാണ് ബസ് നിരക്കുകൾ കുത്തനെ കൂട്ടിയിരുന്നു.

​ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽനിന്ന് കോട്ടയം, എറണാകുളം, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലാണ് ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയായത്. തിരുവോണത്തിന് തൊട്ടുമുമ്പുള്ള ഉത്രാടദിനത്തിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.


​ബംഗളൂരു – എറണാകുളം റൂട്ടിൽ സാധാരണ ദിവസങ്ങളിൽ എസി, നോൺ-എസി ബസുകൾക്ക് 900 മുതൽ 1,200 വരെയാണ് നിരക്ക്.

കെഎസ്ആർടിസിയുടെ 'ഗജരാജ് സ്വിഫ്റ്റ്' എസി സ്ലീപ്പർ മൾട്ടി ആക്സിൽ ബസിൽ 1,125 ആണ് ടിക്കറ്റ് നിരക്ക്. എന്നാൽ, ഉത്രാടത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സ്വകാര്യ ബസുകൾ 3,100 മുതൽ 3,568 വരെയും കെഎസ്ആർടിസി ഫ്ലെക്സി നിരക്ക് പ്രകാരം 2,400 മുതൽ 2,598 വരെയുമാണ് ഈടാക്കുന്നത്. ബംഗളൂരുവിൽനിന്ന് കോട്ടയത്തേക്ക് 750 ആയിരുന്ന നിരക്ക് ഘട്ടങ്ങളിലായി 4,999 വരെ ഉയർന്നു.


​ചെന്നൈയിൽ  നിന്നു സാധാരണ 1,010 ആയിരുന്ന സ്വകാര്യ ബസ് നിരക്ക് ഓണദിനങ്ങളിൽ 2,500 ആയി ഉയർന്നു. ചെന്നൈയിൽനിന്ന് കോട്ടയത്തേക്കുള്ള ബസ് നിരക്ക് 1,200-ൽ നിന്ന് 3,800 വരെയെത്തി. ചെന്നൈ റൂട്ടിൽ കെഎസ്ആർടിസി സർവീസുകൾ കുറവായത് യാത്രക്കാരെ കൂടുതൽ വലയ്ക്കുന്നുണ്ട്.


​ഹൈദരാബാദ് – കൊച്ചി റൂട്ടിൽ സാധാരണ ദിവസങ്ങളിൽ 2,570 ഈടാക്കിയിരുന്ന റൂട്ടിൽ ഓണക്കാലത്ത് 4,635 വരെയായി നിരക്ക് വർധിച്ചു.

​മിക്ക ബസുകളിൽ ബുക്കിംഗ് പൂർത്തിയായതായി ഓൺലൈനിൽ കാണിക്കുന്നുണ്ടെങ്കിലും ബ്ലാക്ക് മാർക്കറ്റിലൂടെ ഇരട്ടി തുക ഈടാക്കി ടിക്കറ്റുകൾ വിൽക്കുന്നതായും പരാതിയുണ്ട്. മിക്ക സർവീസുകളിലെയും ടിക്കറ്റുകൾ നേരത്തെതന്നെ തീർന്നതോടെ നാട്ടിലെത്താൻ പ്രവാസികൾ നെട്ടോട്ടമോടുകയാണ്. 

Tags

Share this story

From Around the Web