നിമിഷപ്രിയയുടെ വധശിക്ഷ റദ്ദ് ചെയ്തതോടെ ഞങ്ങളുടെ പണി കഴിഞ്ഞു. കാന്തപുരം

കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണവുമായി സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. യെമനിലെ പണ്ഡിതരുമായി വലിയ ബന്ധമാണെന്നും പണ്ഡിതർ പറഞ്ഞാൽ തലാലിൻ്റെ കുടുംബം കേൾക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം രിസാല അപ്ഡേറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഇന്ത്യ ഗവണ്മെൻ്റിനെ മറികടന്നുകൊണ്ട് നീക്കമില്ല. ഗവണ്മെൻ്റിന് ഓരോ ദിവസവും എല്ലാ വിവരങ്ങളും നൽകി. വധശിക്ഷ റദ്ദ് ചെയ്തതോടെ ഞങ്ങളുടെ പണി കഴിഞ്ഞു. ബാക്കി നമ്മുടെ ഗവൺമെൻ്റ് ചെയ്യുമെന്നാണ് വിശ്വാസം. വിശദമായ കാര്യങ്ങൾ ചെയ്യേണ്ടത് ഗവണ്മെൻ്റാണ്. അതുചെയ്യുമെന്ന് തന്നെയാണ് വിശ്വാസം. ഞാൻ ശുപാർശ മാത്രമാണ് ചെയ്തത്', അദ്ദേഹം പറഞ്ഞു. വധശിക്ഷ റദ്ദ് ചെയ്തു എന്നാണ് അറിയുന്നത്. മാനവികത തെളിയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മനുഷ്യത്വത്തിന് വിലകൽപിക്കിന്നുവെന്ന് ലോകത്തിന് പഠിപ്പിച്ചുകൊടുത്തു. എല്ലാവരോടും സൗഹൃദം കാണിക്കണം. മതസൗഹാർദ്ദം വായകൊണ്ട് പറഞ്ഞാൽ പോരെന്നും കാന്തപുരം വ്യക്തമാക്കി.