ബിജെപി വന്നതോടെ തിരുവനന്തപുരം നാറി, നഗരസഭയിലെ ബിജെപി കൗൺസിലർക്കെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി
തിരുവനന്തപുരം: ബിജെപി കൗൺസിലർ സുഗതനെതിരെ മുൻ മന്ത്രി വി. ശിവൻകുട്ടി നടത്തിയ പ്രസ്താവന രാഷ്ട്രീയ വിവാദമാകുന്നു. തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിൽ ഇത്രയും മോശപ്പെട്ട ഒരു 'ഗുണ്ടാ തലവൻ' ഉണ്ടായിട്ടില്ലെന്നും, വഴോട്ടുകോണത്തെ ജനങ്ങൾക്ക് പറ്റിയ അബദ്ധമാണ് ഇദ്ദേഹമെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. സുഗതനെ കൗൺസിലർ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി നഗരസഭയിൽ അധികാരത്തിൽ എത്തിയതോടെ തിരുവനന്തപുരത്തിന്റെ അന്തരീക്ഷം മലീമസമായെന്ന് അദ്ദേഹം ആരോപിച്ചു. "കോർപ്പറേഷനുള്ളിൽ സുഗതന്റെ നേതൃത്വത്തിൽ ആയുധശേഖരം ഉണ്ടെന്ന് ന്യായമായും സംശയിക്കുന്നു. ഇക്കാര്യത്തിൽ അടിയന്തരമായി പോലീസ് പരിശോധന നടത്തണം. മേയറും ഡെപ്യൂട്ടി മേയറും രാവിലെ മുതൽ വൈകുന്നേരം വരെ റീൽസ് ചിത്രീകരിക്കുന്ന തിരക്കിലാണ്. ഇതാണോ കോർപ്പറേഷനിലെ ഭരണനിർവ്വഹണം?" ശിവൻകുട്ടി ചോദിച്ചു.
നഗരസഭയുടെ ഭരണത്തെ 'റീൽസ് ഭരണം' എന്ന് വിശേഷിപ്പിച്ച ശിവൻകുട്ടി, ബിജെപി കൗൺസിലർമാരുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. അഴിമതിയും ഗുണ്ടായിസവും കൂട്ടുപിടിച്ചാണ് കോർപ്പറേഷനിൽ ബിജെപി ഭരണമെന്നും അദ്ദേഹം ആരോപിച്ചു.