ഇത്രയധികം അനീതികളും ദുരന്തങ്ങളും യുദ്ധങ്ങളും നടക്കുമ്പോള്‍, മെച്ചപ്പെട്ട ഒരു ലോകം പ്രത്യാശിക്കാന്‍ യുവാക്കള്‍ക്ക് എന്തുചെയ്യാന്‍ കഴിയും?' :പാപ്പ നല്‍കിയ മറുപടി

വത്തിക്കാന്‍ സിറ്റി: 'എന്ത് ഭാവിയാണ് നമ്മെ കാത്തിരിക്കുന്നത് ? ഇത്രയധികം അനീതികളും ദുരന്തങ്ങളും യുദ്ധങ്ങളും നടക്കുമ്പോള്‍, മെച്ചപ്പെട്ട ഒരു ലോകം പ്രത്യാശിക്കാന്‍ യുവാക്കള്‍ക്ക് എന്തുചെയ്യാന്‍ കഴിയും?' 21 വയസുള്ള വേറോനിക്കയുടെ ചോദ്യത്തിന് പിയാസ സാന്‍ പിയട്രോ മാസികയുടെ സെപ്റ്റംബര്‍ പതിപ്പില്‍ ലിയോ 14 ാമന്‍ പാപ്പ നല്‍കിയ ഹൃദയസ്പര്‍ശിയായ മറുപടി ഇപ്പോള്‍ വൈറലാവുകയാണ്.
'നമ്മള്‍ ദുഷ്‌കരമായ സമയങ്ങളിലാണ് ജീവിക്കുന്നത് എന്നത് സത്യമാണ്. തിന്മ നമ്മുടെ ജീവിതത്തെ കീഴടക്കുന്നതായി അനുഭവപ്പെടുന്നു, യുദ്ധങ്ങള്‍ കൂടുതല്‍ നിരപരാധികളായ ഇരകളെ അപഹരിക്കുന്നു.
എന്നാല്‍ ഇതൊന്നും മെച്ചപ്പെട്ട ലോകത്തിനായുള്ള പ്രതീക്ഷ നഷ്ടപ്പെടുത്താന്‍ കാരണമാകരുത്.
വിശുദ്ധ അഗസ്റ്റിനെ ഉദ്ധരിച്ച് ഞാന്‍ പറഞ്ഞതുപോലെ: നമുക്ക് നന്നായി ജീവിക്കാം, അപ്പോള്‍ കാലം നല്ലതായിരിക്കും. നമ്മുടെ ജീവിതമാണ് നമ്മുടെ കാലത്തെ നിര്‍ണയിക്കുന്നത്.നമ്മള്‍ നല്ലവരാണെങ്കില്‍ കാലവും നല്ലതായിരിക്കും.
ഇത് സംഭവിക്കണമെങ്കില്‍, നാം വീണ്ടും കര്‍ത്താവായ യേശുവില്‍ പ്രത്യാശ അര്‍പ്പിക്കണം.
ജീവിതം മഹത്തരമാക്കാനുള്ള ആഗ്രഹം നിങ്ങളുടെ ഹൃദയത്തില്‍ ഉണര്‍ത്തിയത് അവനാണ്.
യേശുവുമായുള്ള നിങ്ങളുടെ സൗഹൃദം വളര്‍ത്തിയെടുക്കുക. അത് നഷ്ടമാവില്ല. നിങ്ങള്‍ക്ക് ഉറപ്പിക്കാം,' പാപ്പയുടെ മറുപടി ഇങ്ങനെ പോകുന്നു.
പഠനത്തെക്കുറിച്ചും ആത്മീയ യാത്രയെക്കുറിച്ചും തന്നെ അറിയിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും വേറോനിക്കയെ അനുഗ്രഹിച്ചുകൊണ്ടുമാണ് പാപ്പ മറുപടി അവസാനിപ്പിക്കുന്നു.