സുംബ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍. സര്‍ക്കാര്‍ നടപടി ഫാസിസം

തിരുവനന്തപുരം: സുംബയുടെ പേരില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടികെ അഷറഫിനെതിരെയുള്ള വിദ്യാഭ്യാസ വകുപ്പ് നടപടി ഫാസിസമെന്ന് സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ലത്തീഫ്.
കോഴിക്കോട് സുംബ വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വവര്‍ഗ രതിയും സ്വതന്ത്ര ലൈംഗികതയും പോലുള്ള ആഭാസങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് സൂംബ മുന്നോട്ടുവെച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണെന്ന് പറഞ്ഞ് എസ്എഫ്‌ഐയെയും അബ്ദുല്‍ ലത്തീഫ് കുറ്റപ്പെടുത്തി.
സുംബ ലഹരിയെ ഇല്ലാതാക്കുമെന്ന് അവകാശപ്പെടുന്നവര്‍ സംസ്ഥാനത്ത് യഥേഷ്ടം ബാറുകളും മദ്യശാലകളും തുറക്കുകയാണ്. സുംബ, പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നത് ഒരു പഠനവും ഇല്ലാതെയാണെന്നും പാശ്ചാത്യ ലോകം ചവച്ചു തള്ളിയ സംസ്‌കാരമാണ് സുംബയിലൂടെ ഉണ്ടാവുകയെന്നും അബ്ദുള്‍ ലത്തീഫ് വിമര്‍ശിച്ചു.
കുടുംബംങ്ങള്‍ക്ക് യോജിക്കാന്‍ പറ്റാത്ത പലതും സുംബയില്‍ ഉണ്ട്. ഇത് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍ വിട്ടു നില്‍ക്കാന്‍ ഞങ്ങള്‍ക്ക് ജനാധിപത്യപരമായി അവകാശമുണ്ടെന്നാണ് സംസ്ഥാന സെക്രട്ടറി ടികെ അഷറഫ് പറഞ്ഞത്.
ഇതിന്റെ പേരില്‍ ഉള്ള നടപടി ഫാസിസവും നീതി നിഷേധവുമാണ്. സുംബയുടെ പേരില്‍ ഇങ്ങനെ ഒന്ന് തുള്ളിയാല്‍ ലഹരിയോടുള്ള കുട്ടികളിലെ താല്‍പര്യം നഷ്ടമാകും എന്നതിന് ഒരു ശാസ്ത്രീയ പഠനവും ഇല്ലെന്നും അബ്ദുല്‍ ലത്തീഫ് ചൂണ്ടിക്കാട്ടി.