പ്രായമായവരില്‍ ജ്ഞാനം കണ്ടെത്താം ഈ മാര്‍ഗങ്ങളിലൂടെ
പ്രായമായ മാതാപിതാക്കള്‍ ജ്ഞാനത്തിന്റെ ഉറവിടങ്ങളാണ്. ഓരോ കുടുംബത്തിന്റെയും മൂല്യങ്ങള്‍ക്കും അവരാണ് കാരണം. തങ്ങളുടെ ആരോഗ്യവും സമ്പത്തും സംശയങ്ങളും നന്മകളും പകര്‍ന്ന് അവര്‍ കെട്ടിപ്പടുത്തതാണ് ഓരോ കുടുംബവും. അതിനാല്‍ത്തന്നെ നമ്മുടെ കുടുംബത്തിന്റെ വിജയമെന്നത് പ്രായമായ മാതാപിതാക്കളുടേതുകൂടിയാണ്. പ്രായമായ ആളുകളിലെ ജ്ഞാനത്തെ അറിയാന്‍ ഏതാനും മാര്‍ഗങ്ങളിതാ. ഈ മാര്‍ഗങ്ങളിലൂടെ അവരുടെ നന്മയും മാതൃകയും നമ്മുടെ കുടുംബജീവിതത്തിലേക്കും നമുക്ക് പകര്‍ത്താം.
നമ്മുടെ പ്രായമായ ഓരോ മാതാപിതാക്കള്‍ക്കും അവരുടേതായ അനുഭവങ്ങളും കഥകളും പറയാനുണ്ടാകും. ഒരുപക്ഷേ, അവര്‍ നേരിട്ട പ്രതിസന്ധികളുടെ, കടന്നുവന്ന കഥനവഴികളുടെ, ധീരതയോടെ പൊരുതിയ അനുഭവങ്ങളും നൊമ്പരങ്ങളുമൊക്കെയാകാം അത്. കണ്ണുനിറയ്ക്കുന്ന, ഹൃദയം കവരുന്ന അനുഭവങ്ങളുമുണ്ടാകാം അക്കൂട്ടത്തില്‍. ഈ കഥകളൊക്കെയും പങ്കുവയ്ക്കാന്‍ ഒരു അവസരമുണ്ടാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു മാര്‍ഗമാണ്. അവര്‍ക്ക് പറയാനുള്ളത് അല്ലെങ്കില്‍ നാളുകളായി മനസ്സില്‍ കൊണ്ടുനടക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോള്‍ അവര്‍ക്കും ഒപ്പം കേള്‍ക്കുന്ന നമുക്കും അത് വ്യത്യസ്തമായ ഒരു അനുഭവമായി മാറും.
പല വീടുകളിലും അകത്തളങ്ങളില്‍ ആരോടും സംസാരിക്കാനില്ലാതെ ഏകാന്തതയിലാണ് വൃദ്ധരായ മാതാപിതാക്കള്‍ അല്ലെങ്കില്‍ വയോജനങ്ങള്‍. അവരുമായി സ്ഥിരമായി സംഭാഷണത്തില്‍ ഏര്‍പ്പെടാം. അത് അവരുടെ മനസ്സിന് സന്തോഷവും തുറവിയും നല്‍കുന്ന അനുഭവമായി പരിണമിക്കും; ഒപ്പം അവരുടെ പല അനുഭവങ്ങളും അറിവുകളും ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്ന സൗഹൃദത്തിലൂടെ പങ്കുവയ്ക്കാന്‍ അവര്‍ തയാറാകും. പലപ്പോഴും നമുക്കറിയാത്ത പല കാര്യങ്ങളിലുള്ള അറിവുകള്‍ അവരില്‍ നിന്നും നമുക്ക് ലഭിക്കും.
പ്രായമായവര്‍ തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍ അത് റെക്കോര്‍ഡ് ചെയ്തുസൂക്ഷിക്കാന്‍ നമുക്ക് ശ്രമിക്കാം. തങ്ങളുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നുവെന്ന തിരിച്ചറിവ് അവര്‍ക്കും, തങ്ങള്‍ വിലമതിക്കുന്നവരാണെന്ന വിശ്വാസം ജനിപ്പിക്കുന്നതിനു കാരണമാകും. തന്നെയുമല്ല, ഭാവിയില്‍ ആ ഓര്‍മ്മകളൊക്കെ നമുക്കൊരു മുതല്‍ക്കൂട്ടാവുകയും ചെയ്യും.