ഇന്‍ഡിഗോ വിമാനത്തിലെ വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍; കണ്ടെത്തിയത് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ

ചെന്നൈ: ഇന്‍ഡിഗോ വിമാനത്തില്‍ വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍ കണ്ടെത്തി. ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍ സംഭവിച്ചതായി കണ്ടെത്തിയത്.
മധുരയില്‍ നിന്ന് 76 യാത്രക്കാരുമായി ചൈന്നൈയിലേക്ക് പോകുകയായിരുന്നു വിമാനം.
ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് പൈലറ്റാണ് വിമാനത്തിന്റെ മുന്നിലെ ഗ്ലാസില്‍ വിള്ളല്‍ സംഭവിച്ചതായി കണ്ടത്. ഇതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറെ സംഭവം അറിയിക്കുകയായിരുന്നു.
ലാന്‍ഡ് ചെയ്ത വിമാനത്തെ ബേ 95 വഴി പാര്‍ക്കിങിലേക്ക് കൊണ്ടുപോയ ശേഷമാണ് യാത്രക്കാരെ ഇറക്കിയത്. അത് കഴിഞ്ഞ് വിന്‍ഡ്ഷീല്‍ഡ് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ എങ്ങനെയാണ് വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍ വീണതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
സംഭവവുമായി ബന്ധപ്പെട്ട് വിമാനക്കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം ചെന്നൈയില്‍ നിന്ന് മധുരയിലേക്കുള്ള വിമാനത്തിന്റെ സര്‍വീസ് തകരാറിനെ തുടര്‍ന്ന് റദ്ദാക്കി.