ഏത് നിമിഷവും ജോലി നഷ്ടപ്പെടുമോ? സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഇതാ ചില വഴികള്‍
നിലവിലെ തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ കാരണം ഏതു നിമിഷവും വരുമാനത്തില്‍ തടസ്സങ്ങളോ തൊഴില്‍ നഷ്ടമോ ഉണ്ടായേക്കാം. ഇത്തരം അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ കൃത്യമായ സാമ്പത്തിക ആസൂത്രണം അത്യാവശ്യമാണ്.
വീട്ടുവാടക, ലോണ്‍ ഇ.എം.ഐ, ഭക്ഷണച്ചെലവ്, മരുന്നുകള്‍, കുട്ടികളുടെ സ്‌കൂള്‍ ഫീസ് തുടങ്ങിയ ഒഴിവാക്കാനാവാത്ത പ്രതിമാസ ചെലവുകള്‍ കൃത്യമായി കണക്കാക്കി വെക്കുക. ചുരുങ്ങിയത് 6 മുതല്‍ 12 മാസത്തെ വരെ ചെലവുകള്‍ക്ക് ആവശ്യമായ തുക എമര്‍ജന്‍സി ഫണ്ടായി കരുതുക.
ഇത് സേവിംഗ്‌സ് അക്കൗണ്ടിലോ പെട്ടെന്ന് പിന്‍വലിക്കാവുന്ന ഫിക്‌സഡ് ഡെപ്പോസിറ്റുകളിലോ സൂക്ഷിക്കാം. വലിയ തുകയുടെ പുതിയ വായ്പകള്‍ എടുക്കുന്നത് നിയന്ത്രിക്കുക. വരുമാനം വര്‍ദ്ധിച്ചാലും പ്രതിമാസ ചെലവുകള്‍ പെട്ടെന്ന് കൂട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക.
കമ്പനി നല്‍കുന്ന ഇന്‍ഷുറന്‍സിന് പുറമെ സ്വന്തമായി ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സും ടേം ലൈഫ് ഇന്‍ഷുറന്‍സും എടുത്തു വെക്കുന്നത് ജോലി നഷ്ടപ്പെടുന്ന സമയത്ത് സഹായകരമാകും. വരുമാനം കൂടുതലുള്ള സമയങ്ങളില്‍ പുതിയ വായ്പകള്‍ എടുക്കുന്നതിന് പകരം ആ തുക കടങ്ങള്‍ വീട്ടാനോ എമര്‍ജന്‍സി ഫണ്ട് വര്‍ദ്ധിപ്പിക്കാനോ ഉപയോഗിക്കുക.