ശുദ്ധമായ പെട്രോൾ അച്ഛന്റെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ? ഇ20 ഇന്ധന നയത്തിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി എം പി

 
2222

ഭോപ്പാൽ: പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ വിമർശനങ്ങളുമായി രംഗത്തുവന്നവർക്ക് നേരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബി.ജെ.പി. എം.പി. മധ്യപ്രദേശിലെ റേവയിൽ നിന്നുള്ള എം.പി. ജനാർദ്ദൻ മിശ്രയാണ് വിവാദ പരാമർശവുമായി എത്തിയത്. എഥനോൾ കലർത്തുന്നതിനെതിരെ സംസാരിക്കുന്നവർ "ശുദ്ധമായ പെട്രോൾ അച്ഛന്റെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ?" എന്നാണ് അദ്ദേഹം ചോദിച്ചത്.

പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന 'ഇ20' (E20) നയത്തിനെതിരെ രാജ്യത്ത് ചർച്ചകളും പ്രതിഷേധങ്ങളും വ്യാപകമാകുന്നതിനിടയിലാണ് എം.പിയുടെ ഈ പ്രസ്താവന. ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ഇന്ത്യ ഇന്നും വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കാനായി ഓയിൽ ടാങ്കറുകൾക്ക് 18,000 കിലോമീറ്ററിലധികം അധികമായി സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യമുള്ളതുകൊണ്ടാണ് സർക്കാർ ഈ നയം നടപ്പിലാക്കുന്നത്.

എഥനോൾ ഉപകാരപ്പെടില്ലെന്നും ശുദ്ധമായ പെട്രോൾ തന്നെ വേണമെന്നും വാദിച്ച് സമരം ചെയ്യുന്നവർ, രാജ്യത്ത് ശുദ്ധമായ പെട്രോൾ ലഭ്യമല്ലെങ്കിൽ പിന്നെ എവിടെ നിന്ന് കൊണ്ടുവരുമെന്ന് ചിന്തിക്കണമെന്ന് ജനാർദ്ദൻ മിശ്ര ആവശ്യപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതൽ എഥനോൾ ഉത്പാദിപ്പിക്കുന്ന ബ്രസീലിൽ 100 ശതമാനം എഥനോളിൽ ഓടുന്ന വാഹനങ്ങൾ ഉണ്ടെന്നും, ഇന്ത്യൻ വാഹനങ്ങൾക്കും എഥനോൾ കലർത്തിയ പെട്രോളിൽ സുഗമമായി ഓടാൻ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പെട്രോളിൽ എഥനോൾ ചേർക്കുന്നത് വാഹനങ്ങളുടെ എഞ്ചിനുകളെ തകരാറിലാക്കില്ലെന്ന് വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ടെന്നും, അതിനാൽ ഈ നയത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web