ഇവര്‍ ആഗ്രയില്‍ നിന്ന് ഓടിക്കുമോ'; ഡച്ച് ദമ്പതികളുടെ ഇന്ത്യന്‍ ട്രെയിന്‍ യാത്രാനുഭവം വൈറല്‍. പ്രതീക്ഷിച്ചതിലും മികച്ച സൗകര്യങ്ങളാണ് ക്യാബിനില്‍ ഉണ്ടായിരുന്നതെന്ന് ദമ്പതികള്‍ പറഞ്ഞു
 

 
train1


 
    
 
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയിലെ ആദ്യ യാത്രാനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് ഡച്ച് മോള്‍ഡോവന്‍ ദമ്പതികള്‍. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്കുള്ള എസി സ്ലീപ്പര്‍ ട്രെയിന്‍ യാത്രയുടെ വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുന്നത്.

ദമ്പതികളായ വെസും നിക്കോയും ഒരു മാസമായി ഇന്ത്യയിലൂടെ യാത്ര ചെയ്യുകയാണ്. യാത്രയുടെ ഭാഗമായി ആഗ്രയിലെ താജ്മഹല്‍ കാണുന്നതിന് ഡല്‍ഹിയില്‍ നിന്നും എസി സ്ലീപ്പര്‍ ക്യാബിന്‍ ബുക്ക് ചെയ്തു. 


വെറും ആറ് യൂറോ (ഏകദേശം 660 രൂപ) മാത്രമാണ് രണ്ട് മണിക്കൂര്‍ യാത്രയ്ക്കായി തങ്ങള്‍ക്ക് ചെലവായതെന്ന് വീഡിയോയില്‍ ദമ്പതികള്‍ പറയുന്നു. തങ്ങളുടെ സീറ്റ് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും പ്രതീക്ഷിച്ചതിലും മികച്ച സൗകര്യങ്ങളാണ് ക്യാബിനില്‍ ഉണ്ടായിരുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

വൃത്തിയുള്ള സീറ്റുകള്‍, പ്രൈവസി കര്‍ട്ടനുകള്‍, ലൈറ്റുകള്‍, മികച്ച എയര്‍കണ്ടീഷനിങ് എന്നിവ ക്യാബിനില്‍ ലഭ്യമായിരുന്നു. ട്രെയിനിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കച്ചവടക്കാരില്‍ നിന്ന് വാങ്ങി കഴിക്കാനുമുള്ള സൗകര്യം മികച്ച അനുഭവമായിരുന്നു. 

എന്നാല്‍ ട്രെയിനിലെ ടോയ്‌ലറ്റുകള്‍ വളരെ വൃത്തിഹീനമായിരുന്നുവെന്നും ദമ്പതികള്‍ തുറന്നുപറഞ്ഞു.

ട്രെയിന്‍ യാത്ര സുഖകരമായിരുന്നുവെങ്കിലും ആഗ്ര റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോഴുണ്ടായ അമിതമായ തിരക്കും ബഹളവും തങ്ങളെ അല്പം പരിഭ്രാന്തരാക്കിയെന്നും വെസും നിക്കും വെളിപ്പെടുത്തുന്നു. 

'ഇവര്‍ ആഗ്രയില്‍ നിന്ന് ഓടിക്കുമോ' എന്ന തമാശരൂപേണയുള്ള പ്രതികരണത്തോടെയാണ് ആഗ്രയിലെ അനുഭവം ദമ്പതികള്‍ പങ്കുവെച്ചത്.

വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങളുമായെത്തിയത്. 


യാത്രാനു ഭവം സത്യസന്ധമായി പങ്കുവെച്ചതിന് അഭിനന്ദനങ്ങള്‍ അറിയിച്ച ആളുകള്‍, അടുത്ത തവണ കൂടുതല്‍ വൃത്തിയുള്ള യാത്രാനുഭവത്തിനായി ദക്ഷിണേന്ത്യയും കേരളവും സന്ദര്‍ശിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

Tags

Share this story

From Around the Web