യു.പി.ഐ. ഇടപാടുകള്‍ക്ക് അധിക ഫീസ് വരുമോ? ഒക്ടോബര്‍ 15-ലെ തീരുമാനം നീട്ടിവെക്കുമെന്ന് സൂചന

 
UPI PAYMENT


മുംബൈ: യു.പി.ഐ. വഴി രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കം നീട്ടിവെക്കാന്‍ ആലോചന. ഉത്സവകാലത്ത് വ്യാപാരികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയും ആശയക്കുഴപ്പവും ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) തീരുമാനം പുനഃപരിശോധിക്കുന്നത്. വ്യാപാരിസംഘടനകളും ഫിന്‍ടെക്, പെയ്മെന്റ് കമ്പനികളും സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എന്‍.പി.സി.ഐ. തീരുമാനമെടുക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ധനമന്ത്രാലയത്തിന്റെ നേതൃത്വത്തിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

നിലവിലെ നിര്‍ദേശമനുസരിച്ച് രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യു.പി.ഐ. ഇടപാടുകള്‍ക്ക് 0.4 ശതമാനം ഫീസ് ഈടാക്കാനാണ് തീരുമാനം. പരമാവധി 300 രൂപയായിരിക്കും ഈടാക്കുക. സ്‌കൂള്‍, കോളേജ് ഫീസുകള്‍, റെയില്‍വേ ടിക്കറ്റ് ബുക്കിങ്, പെട്രോള്‍ പമ്പുകള്‍, വൈദ്യുതി-വെള്ള ബില്ലുകള്‍, ഓഹരി വിപണി, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് ഓരോ ഇടപാടിനും അഞ്ച് രൂപയാണ് നിര്‍ദേശിച്ചിട്ടുള്ളത്. വ്യാപാരികളുടെ വിഭാഗം തിരിച്ചറിയുന്ന കാറ്റഗറി കോഡും ഫീസ് നിര്‍ണയത്തില്‍ പ്രധാനമാണ്. ഈ മാറ്റങ്ങള്‍ക്കനുസരിച്ച് പണമിടപാട് സംവിധാനം ക്രമീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കാര്‍ഡ് പണമിടപാടുകളില്‍ ഫീസ് ഈടാക്കുന്ന രീതി താരതമ്യേന ഏകീകൃതമായതിനാല്‍ ആശയക്കുഴപ്പം കുറവാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.


ഉത്സവ സീസണില്‍ പുതിയ ഫീസ് നടപ്പാക്കുന്നത് വ്യാപാരികളുടെ ചെലവ് വര്‍ധിപ്പിക്കുമെന്നും അതിന്റെ പ്രത്യാഘാതം വിപണിയെ ബാധിക്കുമെന്നും ആശങ്കയുണ്ട്. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ അധിക ചെലവ് വ്യവസായങ്ങള്‍ക്ക് തിരിച്ചടിയാകാമെന്ന വിലയിരുത്തല്‍ സര്‍ക്കാരിനുമുണ്ട്. അതേസമയം, എന്‍.പി.സി.ഐ. ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഒക്ടോബര്‍ 15 മുതല്‍ ഫീസ് ഈടാക്കിത്തുടങ്ങുമെന്നും ഉപഭോക്താക്കള്‍ക്ക് ഇത് നേരിട്ട് ബാധകമാകില്ലെന്നും അറിയിച്ച് എസ്.ബി.ഐ. ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ട്.

അതിനാല്‍ യു.പി.ഐ. വാണിജ്യ ഇടപാടുകള്‍ക്കുള്ള ഫീസ് നിശ്ചയിച്ച സമയത്ത് തന്നെ നടപ്പാക്കുമോ, അതോ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് നീട്ടുമോ എന്നതാണ് ഇനി അറിയേണ്ടത്. എന്‍.പി.സി.ഐ.യുടെ തീരുമാനം വ്യാപാരികളുടെ ചെലവിനെയും ഉത്സവകാലത്തെ പണമിടപാട് സംവിധാനങ്ങളെയും സ്വാധീനിച്ചേക്കും. എന്നാല്‍ നിലവില്‍ ഫീസ് നീട്ടിവെച്ചതായി ഔദ്യോഗിക സ്ഥിരീകരണമില്ലെന്നതിനാല്‍ അന്തിമ തീരുമാനം വരുന്നതുവരെ പുതുക്കിയ അറിയിപ്പുകള്‍ ശ്രദ്ധിക്കേണ്ടതാണ്.

Tags

Share this story

From Around the Web