പൊന്‍മുടി യാത്ര ഇനി ചെലവേറും? പ്രവേശന-പാര്‍ക്കിംഗ് നിരക്കുകള്‍ കൂട്ടി, പുതിയ മാറ്റങ്ങള്‍ ഇന്നുമുതല്‍!

 
Ponmudi

തിരുവനന്തപുരത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്‍മുടി ഹില്‍സ്റ്റേഷനിലേക്കുള്ള പ്രവേശന, പാര്‍ക്കിംഗ് നിരക്കുകള്‍ വനംവകുപ്പ് പുതുക്കി നിശ്ചയിച്ചു. ജി.എസ്.ടി ഉള്‍പ്പെടെയുള്ള പുതുക്കിയ നിരക്കുകള്‍ 2026 ജൂലൈ 1 ആയ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ നിയമപ്രകാരം മുതിര്‍ന്നവര്‍ക്കുള്ള പ്രവേശന ഫീസ് 50 രൂപയായും കുട്ടികളുടേത് 25 രൂപയായും വര്‍ദ്ധിപ്പിച്ചു. വിദേശ സഞ്ചാരികള്‍ക്ക് ഇനി മുതല്‍ മുതിര്‍ന്നവര്‍ക്ക് 400 രൂപയും കുട്ടികള്‍ക്ക് 300 രൂപയും നല്‍കേണ്ടിവരും. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രവേശന ഫീസ് മാറ്റമില്ലാതെ 30 രൂപയായി തന്നെ തുടരും. മണ്‍സൂണ്‍ സീസണ്‍ ആസ്വദിക്കാന്‍ പൊന്‍മുടിയിലേക്ക് സഞ്ചാരികളുടെ വന്‍ ഒഴുക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വരുമാന വര്‍ദ്ധനവിനുമായി ഈ നിരക്ക് വര്‍ദ്ധനവ് നടപ്പിലാക്കിയിരിക്കുന്നത്.

പ്രവേശന ഫീസിന് പുറമെ വാഹനങ്ങളുടെ പാര്‍ക്കിംഗ് നിരക്കുകളിലും ക്യാമറ ഫീസിലും വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കനുസരിച്ച് ടൂവിലറുകള്‍ക്ക് 25 രൂപയും, ത്രീവിലറുകള്‍ക്ക് 35 രൂപയും, കാര്‍ ഉള്‍പ്പെടെയുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 50 രൂപയും നല്‍കണം. മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ക്ക് 200 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 120 രൂപയുമാണ് പുതിയ പാര്‍ക്കിംഗ് ഫീസ്. കൂടാതെ സ്റ്റില്‍ ക്യാമറ ഉപയോഗിക്കുന്നതിന് 85 രൂപയും മൂവി ക്യാമറയ്ക്ക് 600 രൂപയും ഈടാക്കും. സാഹസിക സഞ്ചാരികള്‍ക്കായുള്ള ട്രെക്കിംഗ് നിരക്കുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്; മൂന്ന് മണിക്കൂര്‍ ട്രെക്കിംഗിന് 2500 രൂപയും ആറ് മണിക്കൂറിന് 5000 രൂപയുമാണ് പുതിയ നിരക്ക്. പൊന്‍മുടി യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ ഈ പുതിയ മാറ്റങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Tags

Share this story

From Around the Web