മദ്യനയത്തിൽ മലക്കം മറിയുമോ സർക്കാർ? നികുതി ഇളവ് പിൻവലിക്കരുതെന്ന ആവശ്യവുമായി പൊതുവികാരം; മുഖ്യമന്ത്രിയുടെ മറുപടി നിർണ്ണായകം
തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് ധനവകുപ്പിന്‍റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശന്‍ അടുത്ത ദിവസം മറുപടി പറയാനൊരുങ്ങവേ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പിന്‍വലിക്കരുതെന്ന പൊതുവികാരം ശക്തം.
വിഎം സുധീരന്‍ പോലുള്ള ചുരുക്കം നേതാക്കളും ചില മതമേലധ്യക്ഷന്മാരും ഒഴികെ കോണ്‍ഗ്രസിലും യുഡിഎഫിലും നേതാക്കള്‍ക്കും അണികള്‍ക്കും ഇടയില്‍ ബജറ്റ് നിര്‍ദേശങ്ങളോട് അനുകൂലമായ വികാരമാണുള്ളത്.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുക, വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കുക തുടങ്ങിയ കാലാനുസൃതമായ നിര്‍ദേശങ്ങള്‍ക്ക് പൊതുവേ സംസ്ഥാനത്ത് അനുകൂല വികാരമാണുള്ളത്.
അതേ പൊതുവികാരം പ്രയോജനപ്പെടുത്തി ബജറ്റ് നിര്‍ദേശങ്ങളും സംസ്ഥാന താല്‍പര്യത്തിന് ഗുണകരമായ പുതിയ മദ്യനയ നീക്കങ്ങളുമായി മുന്നോട്ടു പോകണമെന്നാണ് പാര്‍ട്ടിയിലുമുള്ള പൊതുവികാരം.
അതേസമയം പുതിയ നികുതി നിര്‍ദേശങ്ങളില്‍ നിന്നുള്‍പ്പെടെ സര്‍ക്കാര്‍ പിന്നോട്ടു പോയാല്‍ സര്‍ക്കാരിന്‍റെ തുടക്കത്തില്‍ തന്നെ ജനോപകാരപ്രദമായ തീരുമാനങ്ങള്‍ പിന്‍വലിച്ചതിന്‍റെ ചീത്തപ്പേരും സര്‍ക്കാരിന് കേള്‍ക്കേണ്ടി വരും.
സര്‍ക്കാരിന് ശക്തമായ നേതൃത്വം എന്ന പ്രതീതി ഉണ്ടാകണമെങ്കില്‍ പ്രഖ്യാപിച്ച നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിനുമുള്ളത്.