വരുന്ന തെരഞ്ഞെടുപ്പില്‍ ഉചിതമായ രാഷ്ട്രീയനിലപാട് സ്വീകരിക്കും: കെആര്‍എല്‍സിസി
കൊച്ചി: കേരളത്തിലെ സര്‍ക്കാരിന്റെയും പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നില്‍ ലത്തീന്‍ കത്തോലിക്ക സമൂഹം നിരന്തരം മുന്നോട്ടുവച്ചിട്ടുള്ള പ്രശ്‌നങ്ങളും ആവശ്യങ്ങളും പരിഹരിക്കുന്നതില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ രാഷ്ട്രീയസമീപനം ആസന്നമായ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുമെന്ന് കേരള റീജന്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സില്‍(കെആര്‍എല്‍സിസി).
എറണാകുളത്ത് ആശീര്‍ഭവനില്‍ ചേര്‍ന്ന കെആര്‍എല്‍സിസി 46-ാം ജനറല്‍ അസംബ്ലി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രശ്‌നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരമാണ് പ്രഖ്യാപിത രാഷ്ട്രീയനയമെങ്കിലും ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രായോഗിക രാഷ്ട്രീയത്തിലൂന്നിയ സമീപനം സ്വീകരിക്കാനാണ് ലത്തീന്‍ കത്തോലിക്ക സമൂഹം ആഗ്രഹിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
ലത്തീന്‍ കത്തോലിക്ക സമുദായസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ 1947 എന്ന വര്‍ഷം ലത്തീന്‍ കത്തോലിക്കരെ സംബന്ധിച്ച് അപ്രസക്തമായതിനാല്‍ ഈ പ്രത്യേകവര്‍ഷം ഒഴിവാക്കി സ്പഷ്ടീകരണം നടത്തണം, അര്‍ഹമായ ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിലുള്ള തടസങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുവാന്‍ സര്‍ക്കാര്‍ തയാറണം, സാമൂഹിക നീതി നിര്‍വഹണത്തിന്റെ ഭാഗമായി സമുദായത്തിന് ഭരണത്തില്‍ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പുവരുത്താന്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും തയാറാകണം, തീരദേശഹൈവേയുടെ വിശദമായ പദ്ധതിരേഖ (ഡിപിആര്‍) പ്രസിദ്ധീകരിക്കുകയും തീരദേശ ജനതയുടെ ആശങ്കകള്‍ പരിഹരിക്കുകയും വേണം, അധികാര-ഉദ്യോഗ-വിദ്യാഭ്യാസ-സാമ്പത്തിക മണ്ഡലങ്ങളില്‍ ജനസംഖ്യാനുപാതികമായി പങ്കാളിത്തം എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉറപ്പുവരുത്താനുള്ള നടപടികള്‍ എത്രയുംവേഗം സ്വീകരിക്കണം, സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഉള്‍പ്പടെ അധികാര ശ്രേണിയിലുള്ള പങ്കാളിത്വത്തിനും അടിസ്ഥാന ഡേറ്റ എന്ന നിലയില്‍ ജാതി സെന്‍സസ് (സാമുദായിക തലത്തില്‍ ജനസംഖ്യാ കണക്കെടുപ്പ്) നടപ്പിലാക്കണം, കേരളത്തിലെ നിലവില്‍ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ നല്‍കുന്നതുള്‍പ്പെടെയുള്ള ആശ്വാസനടപടികള്‍ സ്വീകരിക്കണം, മലയോരമേഖലകളില്‍ ജീവിക്കുന്നവരുടെ ജീവനും സ്വത്തിനും വന്യജീവികളില്‍ നിന്ന് സംരക്ഷണം ഉറപ്പുനല്‍കുന്ന അടിയന്തര ഇടപെടലുകളും നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണം, വിഴിഞ്ഞം സമരവുമായും മുതലപ്പൊഴി വിഷയവുമായും ബന്ധപ്പെട്ട് സഭാ-സാമുദായിക പ്രതിനിധികള്‍ക്കെതിരെ അന്യായമായി എടുത്തിരിക്കുന്ന ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണം, മുനമ്പം പ്രശ്‌നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം, പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ എന്നത് പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് മാത്രമായി ക്രമപ്പെടുത്തുകയും കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക വിഹിതം കാലോചിതമായി വര്‍ധിപ്പിക്കുകയും വേണം, ഭിന്നശേഷി നിയമനവിഷയത്തില്‍ സുപ്രീംകോടതിയില്‍നിന്നും എന്‍എസ്എസിന് ലഭിച്ചിട്ടുള്ള അനുകൂലവിധി മറ്റെല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാക്കണം, ലത്തീന്‍ കത്തോലിക്കരുടെ വിദ്യാഭ്യാസ സംവരണം 4 ശതമാനമായി വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അസംബ്ലി ഉന്നയിച്ചു.
ജനാധിപത്യവും മതേതരത്വവും സാമൂഹികനീതിയും യാതൊരു വിധത്തിലും ദുര്‍ബലപ്പെടാന്‍ അനുവദിക്കാതെ അവയെ കരുത്തോടെ നിലനിര്‍ത്താന്‍ കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കെആര്‍എല്‍സിസി പ്രഖ്യാപിച്ചു.