മരിക്കും വരെ ബി.ജെ.പിയില്‍ ഉണ്ടാകും, കോണ്‍ഗ്രസിലേക്കുള്ള കൂറുമാറ്റ വാര്‍ത്തകള്‍ അസംബന്ധം; രാജി വിവാദത്തില്‍ വിശദീകരണവുമായി ആര്‍. ശ്രീലേഖ
തിരുവനന്തപുരം: രാജി വിവാദത്തില്‍ വിശദീകരണവുമായി ആര്‍. ശ്രീലേഖ. കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുമെന്നും മരിക്കും വരെ ബി.ജെ.പിയില്‍ തന്നെ ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. 'സസ്‌നേഹം ശ്രീലേഖ' എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അവരുടെ പ്രതികരണം. തനിക്കെതിരെ പ്രചരിക്കുന്ന കോണ്‍ഗ്രസിലേക്കുള്ള കൂറുമാറ്റ വാര്‍ത്തകളും ദേശീയ വനിതാ കമ്മീഷന്‍ പദവി ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന പ്രചാരണങ്ങളും അവര്‍ പൂര്‍ണ്ണമായും തള്ളി.
കൗണ്‍സിലര്‍ എന്ന നിലയില്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് ശ്രീലേഖ പറഞ്ഞു. ഞായറാഴ്ചകളില്‍ പോലും വിശ്രമമില്ലാതെ ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടും ശാസ്തമംഗലം വാര്‍ഡിലെ ചിലരില്‍ നിന്ന് വാട്‌സാപ്പിലൂടെ വലിയ വിമര്‍ശനങ്ങളും പരാതികളും നേരിടേണ്ടി വന്നു. ഡി.ജി.പി ആയിരുന്ന വ്യക്തിയോട് കോണ്‍സ്റ്റബിളിന്റെ ജോലി ചെയ്യാന്‍ പറയുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയ അവര്‍, ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വിശ്രമം വേണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് തത്ക്കാലം ഒരു പാര്‍ട്ടി പ്രവര്‍ത്തകയായി മാത്രം തുടരാന്‍ ആഗ്രഹിച്ച് മേയര്‍ക്ക് മെസ്സേജ് അയച്ചതെന്ന് വ്യക്തമാക്കി.
സെപ്റ്റംബര്‍ 30-ന് മേയര്‍ക്കും ജില്ലാ കളക്ടര്‍ക്കും കത്ത് നല്‍കിയിരുന്നുവെങ്കിലും പാര്‍ട്ടി ഉന്നത നേതാക്കള്‍ വന്ന് കണ്ട് രാജി വെക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. താനൊരു മോദി ഭക്തയാണെന്നും മറ്റ് പാര്‍ട്ടികളിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും വ്യക്തമാക്കിയ ശ്രീലേഖ, ബി.ജെ.പി അംഗത്വം എടുത്തതുമുതല്‍ മാധ്യമങ്ങള്‍ തന്നെ മോശമാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു. കൂടാതെ ദേശീയ വനിതാ കമ്മീഷന്‍ സ്ഥാനത്തെക്കുറിച്ച് ആലോചനകള്‍ ഉണ്ടായിട്ടില്ലെന്നും കേരളത്തില്‍ നിന്ന് പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.