ഗ്യാനേഷ് കുമാറിനെ പുറത്താക്കും വരെ സമരം ചെയ്യും; നയം വ്യക്തമാക്കി കെ.സി. വേണുഗോപാല്‍
ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സമരം കടുപ്പിച്ച് കോണ്‍ഗ്രസ്.
ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്ന് പുറത്താക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി വ്യക്തമാക്കി.
രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പൂര്‍ണ്ണമായും നിഷ്പക്ഷവും സുതാര്യവുമാകുന്നത് വരെ കോണ്‍ഗ്രസ് സമരം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാത്രമാണ് പ്രതിഷേധ പരിപാടികളില്‍ ചെറിയ ഇടവേളയുണ്ടായതെന്നും രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ തലത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായി നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 1-ന് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച റാലി സമീപകാലത്തെ ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങളിലൊന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെയുള്ള ഈ പോരാട്ടം വഴിയില്‍ ഉപേക്ഷിക്കില്ലെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നത് സാധാരണക്കാരുടെ വോട്ടവകാശം ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു.
പല സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും വോട്ടര്‍ ഐ.ഡി കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍, പട്ടികയില്‍ നിന്നുള്ള ഒഴിവാക്കലുകള്‍ സാധാരണക്കാരെ ദുരിതത്തിലാക്കും.
ഇതിനെതിരെ വരും മാസങ്ങളില്‍ പഞ്ചായത്ത് തലത്തില്‍ രാജ്യവ്യാപകമായി 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' (വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ സംരക്ഷിക്കൂ) പ്രചാരണത്തിന് കോണ്‍ഗ്രസ് തുടക്കം കുറിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.