കാട്ടാനയും കാട്ടുപന്നിയും കാട്ടുപോത്തും പുലിയും കടുവയും കരടിയും കാടിറങ്ങി മനുഷ്യ ജീവനെടുക്കുന്നു.  മാളം വിട്ട പാമ്പും മനുഷ്യരെ കടിച്ച് കൊല്ലുന്നു. മലയാളിയുടെ തലയ്ക്കു മുകളിൽ മരണം ഓടി നടക്കുമ്പോൾ

 
Subhash t r

കാട്ടുപന്നിയും കാട്ടുപോത്തും പുലിയും കടുവയും കരടിയും കാട്ടാനയും കാടിറങ്ങി ചോദിച്ചു. "കാടെവിടെ മക്കളേ..മേടെവിടെ മക്കളേ.., കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ..!* 

വീട്ടിലേക്ക് ഇഴഞ്ഞ് കയറി വന്ന് കടിച്ച പാമ്പ് ചോദിച്ചു, "പാമ്പുകൾക്ക് മാളമുണ്ട്..പറവകൾക്ക് ആകാശമുണ്ട്.** എന്റെ മാളമെവിടെ മക്കളേ..?"

ക്രാന്തദർശികളാണ് സാഹിത്യകാരന്മാർ എന്ന് പറയുന്നത് എത്ര ശരിയാണ്. കാടെവിടെ മക്കളെ എന്ന് അയ്യപ്പപ്പണിക്കർ ചോദിച്ചത് കാടിനും കാട്ടാറിനും കാട്ടുമൃഗങ്ങൾക്കും വേണ്ടിയായിരുന്നു. മനുഷ്യരാശിക്ക് വേണ്ടിയായിരുന്നു. 

കേവലം ഒരു കവിത മാത്രമായിരുന്നു പലർക്കും അയ്യപ്പപ്പണിക്കരുടെ കവിത അന്ന്. എന്നാൽ ഇന്ന് കാട്ടുമൃഗങ്ങൾ നമ്മുടെ വീട്ടുമുറ്റത്ത് വന്ന് അയ്യപ്പപ്പണിക്കരുടെ കവിതയിലെ വരികൾ എടുത്ത് അലറി ചോദിക്കുന്നു, "കാട് എവിടെ മക്കളേ..?" 

വല്ല മറുപടിയും പറയാനുണ്ടോ ? അല്ലെങ്കിൽ തന്നെ എന്ത് മറുപടി പറയും ? പകരം, ആന ഇറങ്ങി.. പുലിയിറങ്ങി.. കാട്ടുപന്നിയിറങ്ങി.. അതിനെ കൊല്ലുക..! കൊല്ലുക..! എന്ന് അട്ടഹസിയ്ക്കുകയാണ് ജനങ്ങൾ.

നാടിൻ്റെ വികസനത്തിനു വേണ്ടി ജനങ്ങളെ പല ഇടങ്ങളിലും നിന്ന് കുടിയൊഴിപ്പിച്ചപ്പോൾ ആ ജനങ്ങൾ അനുഭവിച്ച വേദന എന്താണ് എന്ന്, കുടി ഒഴിപ്പിക്കലിന് വിധേയരായവർക്ക്  മാത്രമേ അറിയാവൂ. അതുവരെ തലചായ്ച്ച കിടപ്പാടം ഇല്ലാതെ വന്നപ്പോൾ അവർ അനുഭവിച്ച ദുഃഖം തന്നെയല്ലേ ഇന്ന് മിണ്ടാപ്രാണികൾ ആയ കാട്ടുമൃഗങ്ങളും അനുഭവിക്കുന്നത്.

മനുഷ്യൻ കാടും മേടും കൈയ്യേറി വെളുപ്പിച്ചെടുത്തപ്പോൾ, തലചായ്ക്കാൻ ഇടമില്ലാതെ, അന്തിയുറങ്ങാൻ ഇടമില്ലാതെ, ആഹാരമില്ലാതെ, ദാഹമകറ്റാൻ ജലമില്ലാതെ കാട്ടിലെ മൃഗങ്ങൾ കൂട്ടപ്പലായനം തുടങ്ങി. 

ഇതുവരെ ഒരു മൃഗവും ജനങ്ങളെ ആക്രമിക്കാൻ കാടിറങ്ങി  വന്നിട്ടുണ്ടോ ! അവയുടെ താമസ സ്ഥലത്തേക്ക്, ആവാസ കേന്ദ്രത്തിലേക്ക് വീടും കൃഷിയുമായി കടന്നു കയറിയപ്പോഴല്ലേ ആ മിണ്ടാപ്രാണികൾ  പ്രതികരിച്ചു തുടങ്ങിയത് ! 

പ്രകൃതിയെ തലങ്ങും വിലങ്ങും നശിപ്പിച്ചിട്ട് മനുഷ്യന് നിലനിൽക്കാൻ കഴിയില്ല എന്നത് സത്യം. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളും കാട് കയ്യേറ്റങ്ങളും കാരണം കേരളത്തിൻ്റെ ശാലീനത എന്നേ തന്നെ നഷ്ടപ്പെടാൻ തുടങ്ങി. 

ചിത്രം: കടപ്പാട് fb vayaloram

" *ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങളായ പുഴകളും മലകളും പൂമരങ്ങളും മനുഷ്യർ വിറ്റു കാശാക്കി. ഇന്ന് ചന്ദന ശീതള മണപ്പുറങ്ങളില്ല, കുളിർ കാറ്റ് വീശുന്ന സന്ധ്യകളുമില്ല. നിലാവിന് സൗന്ദര്യവുമില്ലാതായി.

പട്ടണങ്ങൾ ഗ്രാമങ്ങളിലേക്ക് പടർന്നതാണോ, അതോ ഗ്രാമങ്ങൾ പട്ടണങ്ങളാകാൻ  കൊതിച്ചതാണോ ? എന്തായാലും തനി നാട്ടിൻപുറം അപ്രത്യക്ഷമായി.

നിറഞ്ഞൊഴുകിയിരുന്ന കാട്ടാറുകളെയും, പച്ചവിരിച്ച പാടങ്ങളെയും, നീല ഞൊറിയുടുത്ത മലകളെയും, തിങ്ങി വിങ്ങി ആകാശം മുട്ടെ വളർന്നു പന്തലിച്ച പച്ചിലമാളികകളെയും, കാട്ട് പൂക്കളുടെ സുഗന്ധം പൊഴിക്കുന്ന കാടുകളെയും കവിതകളുടെ മൃദുവിരൽ  സ്പർശനത്താൽ മലയാളിയുടെ ഹൃദയത്തിൽ വസന്തം വിരിയിച്ച കവികളെവിടേ..! 

യശ്ശഃശരീരരായ കവികളും സാഹിത്യകാരന്മാരും ഭൂമിയിലേക്ക് തിരികെ വന്നാൽ അവരുടെ ഭാവനയിൽ ഇനി വിരിയുന്നത് വരണ്ട കാറ്റിൻ്റെ ഗന്ധമുള്ള കവിതകളും കഥകളും ആകും. ഒരുപക്ഷേ അവർക്ക് എഴുതാനും കൂടി കഴിയുകയില്ലായിരിക്കും അല്ലേ !

പഴയകാല സിനിമകളിലെ ഗാനങ്ങൾ ഓർത്തു നോക്കൂ. കേരളത്തിൻ്റെ ശാലീനതയുടെ വർണ്ണിക്കലായിരുന്നല്ലോ അവയെല്ലാം. അവരെ സംബന്ധിച്ചിടത്തോളം പ്രകൃതി, പണിതിട്ടും പണിതിട്ടും പണിതീരാത്ത പ്രപഞ്ച മന്ദിരം ആയിരുന്നു. വന്യ മൃഗങ്ങളിലും കാട്ടരുവിയിലും പ്രകൃതിയിലെ സൗന്ദര്യം അവർ കണ്ടു. 

പുൽനാമ്പിലെ മഞ്ഞുതുള്ളികളും കിഴക്കിനി കോലായിൽ കോലമെഴുതുന്ന ഇളം വെയിലും സായം സന്ധ്യയിലെ പോക്കുവെയിലും കവിതകളായി !

ചിത്രം: കടപ്പാട് - fb wayanad beauty

ഇന്ന് കാട്ടുമരങ്ങളുടെ മൂളിപ്പാട്ടും മുളന്തണ്ടുകളുടെ ശീൽക്കാരവും കാട്ടാറിന്റെ പൊട്ടിച്ചിരിയും കാടിൻ്റെ കാവൽ ദൈവങ്ങളും ഇല്ല. കാട് വെട്ടി നുറുക്കി തീയിട്ടു. മൃഗങ്ങൾ ജീവനും കൊണ്ട് പരക്കം പാഞ്ഞു. തിന്നാനും കുടിക്കാനും ഇല്ലാതെ കണ്ണിൽ കണ്ടതിനെയും  മുന്നിൽ കിട്ടിയതിനെയും തിന്നു തുടങ്ങി. 

മലകൾ പിഴുതെടുത്ത് ഉറവ വറ്റിച്ചു. മലയിലെ പാറ പൊട്ടിച്ച് ചീളുകൾ ആക്കി, ഭസ്മമാക്കി. മലമേട്ടിലെ പാമ്പുകളെ മാളങ്ങൾ സഹിതം നാട്ടിലേക്ക് കൊണ്ടുവന്നു. 

ആവശ്യത്തിന് മഴയും വെയിലും മഞ്ഞും കുളിരും അതാത് സമയങ്ങളിൽ പൊഴിച്ചിരുന്ന കേരളത്തിന്റെ ആകാശത്തിന് മീതെ ഇന്ന് അതി തീഷ്ണമായ വെയിൽ നാളങ്ങൾ. സകല ചരാചരങ്ങളെയും ചുട്ടുപൊള്ളിക്കുകയാണ് പ്രകൃതി. 

മരങ്ങൾ കുറഞ്ഞിട്ടാണോ കേരളത്തിൽ മഴ പെയ്യാത്തത് എന്ന് സംശയിച്ചാൽ, "കടലിൽ മഴ പെയ്യുന്നത് അവിടെ  മരങ്ങൾ ഉണ്ടായിട്ടാണോ" എന്ന് സീതി ഹാജി ചോദിച്ചത് മനസ്സിൽ ഉയർന്നു വരും.

എന്തായാലും കാലാവസ്ഥയിൽ വലിയ വ്യതിയാനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാറ്റ് കൊടുങ്കാറ്റായും, മഴ പ്രളയമായും മാറുന്നു. വേനൽ തീ പൊഴിക്കുന്നു.

തെരുവ് പട്ടികളും കാട്ട്മൃഗങ്ങളും മനുഷ്യരോട് പോരാടുകയാണ്. നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടം. എത്ര മനുഷ്യ ജീവനുകളാണ് ഈ പോരാട്ടത്തിൽ നഷ്ടപ്പെടുന്നത്. 

മനുഷ്യരുടെ ജീവൻ എടുക്കുന്ന കെണികൾ ഒരുക്കുന്നതും മനുഷ്യൻ തന്നെ. ഉത്സവ നാളുകളിൽ എത്രയെത്ര ഹതഭാഗ്യരാണ് ആനയുടെ ചവിട്ടേറ്റും, വെടിക്കെട്ട് അപകടത്തിലും പെട്ട് ജീവൻ കളയുന്നത്. എത്ര കൊണ്ടാലും കണ്ടാലും കിട്ടിയാലും മനുഷ്യൻ വീണ്ടും ആചാരങ്ങളുടെ പേര് പറഞ്ഞ് ഇതെല്ലാം അനുഷ്ഠാനമാക്കുമല്ലോ. 

മനുഷ്യ ജീവന് അപകടകരമായ ആന എഴുന്നള്ളത്തിനെയും വെടിക്കെട്ടിനെയും ന്യായീകരിക്കുന്നവർക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്ന് ഓർക്കുക. 

ഇപ്പോൾ പാമ്പുകൾ തണുപ്പ് തേടി പായുകയാണ്. മാളത്തിൽ ഇരുന്ന് വെന്തു മരിക്കുമെന്ന ഭീതിയിൽ മാളം വിട്ട് ഓടുകയാണ്. മുന്നിൽ ചെന്ന് പെടുന്നവർക്ക് മരണം ഉറപ്പല്ലേ. യന്ത്രക്കൈകൾ പാമ്പിൻ മാളങ്ങളെയും പാമ്പിൻ കൂട്ടങ്ങളെയും കോരിയെടുത്ത് നാട്ടിൽ വിതറുകയാണ്. പാമ്പിനെ പേടിച്ച് വീട്ടിൽ പോലും ഇരിക്കാൻ മനുഷ്യർക്കാവുന്നില്ല. 

അതുകൊണ്ടും തീരുന്നില്ല മനുഷ്യരുടെ ദുരിതം. വീടിനകത്തും പുറത്തും ഇറങ്ങാൻ പറ്റാത്ത വിധത്തിൽ കൊടിയ ചൂട് മനുഷ്യനെ പൊള്ളിക്കുന്നു. സൂര്യതാപത്തിൽ മനുഷ്യ ശരീരം പൊള്ളി അടരുന്നു. കുടിവെള്ളം പോലും കിട്ടാത്ത കാലം. 

മനുഷ്യൻ ജലസ്രോതസ്സുകളിൽ മാലിന്യം ഒഴുക്കി വെടക്കാക്കി. ജലത്തിൻ്റെ മൂല്യം അറിയാതെ എല്ലാ ജലാശയങ്ങളും മലിനമാക്കി. 

ചിത്രം: കടപ്പാട് fb Np muneer

കാട്ടരുവികളും കാട്ടാറും നാട്ടാറും കായലും കടലും കുളങ്ങളും ഉൾപ്പെടെയുള്ള ജലാശയങ്ങൾ മനുഷ്യൻ തന്നെ മലീമസമാക്കി. ജലത്തിൻ്റെ ഒരു തുള്ളി പോലും അവശേഷിപ്പിക്കാതെ നാടിനെ മരുഭൂമിയാക്കാൻ മനുഷ്യൻ "പാടുപെടുകയാണല്ലോ !"

കാടും കാട്ടാറും കാട്ടു മൃഗങ്ങളും നാട്ടുമൃഗങ്ങളും പുഴകളും മലകളും മരങ്ങളും പൂക്കളും പുൽക്കൊടികളും പുഴുക്കളും ഇഴ ജന്തുക്കളും നിലവിളിക്കുന്നു..!  

കാടെവിടെ മക്കളേ..? മേടെവിടെ മക്കളേ..? കാട്ടുപുഞ്ചോലയുടെ കുളിരെവിടെ മക്കളേ..? മഴ എവിടെ മക്കളേ..?

 *വയലാർ രാമവർമ്മ

Tags

Share this story

From Around the Web