ചിന്നക്കനാലിലെ ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള രണ്ടാം ദിവസത്തെ ദൗത്യത്തിൽ പുതിയ തന്ത്രവുമായി വനംവകുപ്പ്
ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള രണ്ടാം ദിവസത്തെ ദൗത്യത്തിൽ പുതിയ തന്ത്രവുമായി വനംവകുപ്പ്.
മോശം കാലാവസ്ഥയും കാഴ്ചപരിധി കുറഞ്ഞതും കാരണം ബുധനാഴ്ചത്തെ ദൗത്യം ലക്ഷ്യം കാണാതെ അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ദൗത്യരീതിയിൽ മാറ്റം വരുത്തിയത്.
നിലവിൽ ചെമ്പകതൊഴുകുടി ആദിവാസി സങ്കേതത്തിലെ ഏലത്തോട്ടത്തിലാണ് ചക്കക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നതെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഡികെ വിനോദ് കുമാർ അറിയിച്ചു.
തോട്ടത്തിനുള്ളിൽ കാഴ്ചപരിധി വളരെ കുറവായതിനാൽ മയക്കുവെടി വെക്കുന്നതിനുള്ള കൃത്യമായ ദിശ ലഭിക്കില്ല. അതിനാൽ ആന തുറസ്സായ സ്ഥലത്തേക്ക് നീങ്ങുന്നത് വരെ കാത്തിരിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
ആദ്യ ദിവസത്തെ ദൗത്യത്തിലുണ്ടായ പോരായ്മകൾ പരിഹരിച്ചാണ് രണ്ടാം ദിനം സംഘം കളത്തിലിറങ്ങിയിരിക്കുന്നത്. ഏകോപനം മെച്ചപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നാല് ദൗത്യസംഘങ്ങളെ രണ്ടായി ചുരുക്കിയിട്ടുണ്ട്. എത്രയും വേഗം ദൗത്യം പൂർത്തിയാക്കുക എന്നതിനേക്കാൾ, ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കാണ് ഇത്തവണ മുൻഗണന നൽകുന്നതെന്ന് വിനോദ് കുമാർ വ്യക്തമാക്കി.