ഒളിച്ചോടി പോയ ഭാര്യ, ഭര്‍ത്താവുമൊത്ത് വീണ്ടും താമസിക്കാന്‍ അനുവദിക്കാത്തതിലുള്ള വിരോധത്താല്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പരാതിയുമായി ഭര്‍ത്താവ്
ശ്രീകാര്യം: ഭര്‍ത്താവുമൊത്ത് വീണ്ടും താമസിക്കാന്‍ അനുവദിക്കാത്തതിലുള്ള വിരോധത്താല്‍ ഭാര്യ വീട്ടില്‍ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി. പൗണ്ടുകടവ് കോരളംകുഴി മണ്ണാംവിളാകംവീട്ടില്‍ മധുവിനും മക്കള്‍ക്കും നേരേയാണ് ആക്രമണം നടന്നത്.
കമ്പിപ്പാരകൊണ്ടു വീടിന്റെ വാതിലും ജനലുകളും തല്ലിത്തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 14-ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
മധുവിനെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയ ഭാര്യ, പിന്നീട് മധുവിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവാദം ചോദിച്ചിരുന്നു. മധു ഇതിനു സമ്മതിക്കാതിരുന്നതാണ് ആക്രമണത്തിനു കാരണമായത്.
ഇരുമ്പ് കമ്പിപ്പാരയുമായി വീട്ടിലെത്തിയ യുവതി, മുറ്റത്തുനില്‍ക്കുകയായിരുന്ന മധുവിനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയുമായിരുന്നു.
ഭയന്ന മധുവും മകനും വീടിനുള്ളില്‍ക്കയറി കതകടച്ചതോടെ പ്രതി കമ്പിപ്പാര ഉപയോഗിച്ച് മുന്‍വശത്തെ ഹാളിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു.
തുടര്‍ന്ന് മുന്‍വാതില്‍ അടിച്ചുപൊളിച്ച് അകത്തുകയറിയും ഭീഷണി തുടര്‍ന്നു. മധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തുമ്പ പോലീസ് കേസെടുത്തു.