അറ്റാക്ക് വന്ന് മരിച്ചെന്ന് ഭാര്യ; കൊന്നത് തോര്‍ത്തിട്ട് മുറുക്കി വലിച്ച്; അതിഥി തൊഴിലാളിയുടേത് കൊലപാതകം, ഭാര്യയും സുഹൃത്തും അറസ്റ്റില്‍
തൃശൂര്‍ മരത്തംകോട് പുതിയമാത്തൂര്‍ ചിറപുറത്തുള്ള വാടകവീട്ടില്‍ ബിഹാറുകാരനായ അതിഥി തൊഴിലാളിയെ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഭാര്യയും കുടുംബാംഗങ്ങളും പൊലീസിനോട് പറഞ്ഞു. ഇന്‍ക്വസ്റ്റില്‍ പൊലീസിന് സംശയം തോന്നി. കഴുത്തില്‍ അടയാളങ്ങള്‍ കണ്ടെത്തിയിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനു മുമ്പ് സര്‍ജനോട് പൊലീസ് ഇക്കാര്യങ്ങള്‍ പങ്കുവച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം പൊലീസ് സര്‍ജന്‍ പറഞ്ഞു. ''ഇത് കൊലപാതകമാണ്. കഴുത്തു ഞെരിച്ചിട്ടുണ്ട്. മുഖവും വായയും പൊത്തിപ്പിടിച്ചിട്ടുണ്ട് ''.
ബീഹാറില്‍ നിന്ന് എട്ടു വര്‍ഷം മുമ്പാണ് ജോലി തേടി മുഹമ്മദ് മുംതാബ് മിയാനും കുടുംബവും തൃശൂരില്‍ എത്തുന്നത്. കെട്ടിടനിര്‍മാണമായിരുന്നു തൊഴില്‍. സ്ഥിരമായി മദ്യപിക്കുന്നയാളാണ് മുഹമ്മദ് മുംതാബ് മിയാന്‍. വീട്ടില്‍ വഴക്ക് പതിവായിരുന്നു. ഇതിനിടെ ഭാര്യ റോഷന്‍ കാത്തൂണ്‍ മറ്റൊരാളുമായി അടുപ്പത്തിലായി. ബിഹാര്‍ സ്വദേശിയായ ഹസന്നാന്‍ എന്ന 38കാരനുമായി. വീട്ടില്‍ സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന ഭര്‍ത്താവിനെ കുറിച്ച് ആണ്‍സുഹൃത്തിനോട് ഭാര്യ പറഞ്ഞിരുന്നു. സുഹൃത്തും ഭര്‍ത്താവും ഒന്നിച്ചിരുന്ന് മദ്യപിച്ചപ്പോള്‍ ഇക്കാര്യം ചര്‍ച്ചയായി. പിന്നെ, തര്‍ക്കമായി. തന്റെ ഭാര്യയുടെ കാര്യം വേറെ ആള്‍ നോക്കേണ്ടെന്ന് പറഞ്ഞതോടെ അടിയായി. ഭാര്യയും സുഹൃത്തിനൊപ്പം കൂടി. അങ്ങനെയാണ്, കഴുത്തു ഞെരിക്കുന്നതും മുഖം പൊത്തിപിടിക്കുന്നതും. വീടിനു പുറത്താണ് മരിച്ചു കിടന്നത്. പിന്നീട്, തോര്‍ത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തില്‍കെട്ടി വലിച്ചു. വീടിനകത്തു കിടത്തി. പിറ്റേന്നു രാവിലെ അയല്‍വാസികളെ സ്വാഭാവിക മരണമെന്ന് അറിയിച്ചു.
അയല്‍വാസികളേയും പൊലീസിനേയും ഒരുപോലെ കബളിപ്പിച്ച് ഭാര്യയും ആണ്‍സുഹൃത്തും. സ്വാഭാവിക മരണമാണെന്ന് വരുത്താനായിരുന്നു ശ്രമം. പക്ഷേ, പൊലീസിന് സംശയം തോന്നി. അതാണ് ഇന്‍ക്വസ്റ്റില്‍ സൂക്ഷ്മമായി പരിശോധിച്ചത്. കാരണം, മരിച്ചയാള്‍ക്ക് നാല്‍പത്തിരണ്ടു വയസാണ്. പ്രത്യേകിച്ച് അസുഖങ്ങളുമില്ല. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങള്‍ കൂടി കണ്ടതോടെ സംശയം ബലപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം കഴിയും വരെ ഭാര്യയും ആണ്‍സുഹൃത്തും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പൊലീസ് സര്‍ജന്‍ ഇതൊരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അങ്ങനെ, ഭാര്യ കൊലപാതകത്തിന്റെ ചുരുളഴിച്ചു.
കൊലപാതകം നടക്കുന്ന സമയത്ത് രണ്ടു മക്കളുണ്ടായിരുന്നു വീട്ടില്‍. ഇവര്‍ ബഹളം കേട്ടപ്പോള്‍ മുറിയടച്ചിരുന്നു. വിശദമായ ചോദ്യംചെയ്യല്‍ തുടരുകയാണ്. അതിഥി തൊഴിലാളികളായ കുടുംബങ്ങള്‍ ഇവിടെ വാടകയ്ക്കു താമസിക്കുന്നുണ്ട്.
അയല്‍വാസികളുടെ മൊഴിയെടുത്തു. ഭാര്യയുമായി വീട്ടില്‍ എത്തി കാര്യങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞു. മദ്യലഹരിയില്‍ ഉപദ്രവം സ്ഥിരമായതാണ് കൊലയ്ക്കു കാരണമെന്ന് ഭാര്യ പൊലീസിന് മൊഴിനല്‍കി. പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ഭാര്യയും കാമുകനും പൊലീസിന്റെ കസ്റ്റഡിയിലാണ്