ആഡംബര കാറുകളോട് ഭാര്യക്ക് പ്രിയം, ഷോറൂമില്‍ നിന്ന് 23 ലക്ഷത്തിന്റെ കാര്‍ മോഷ്ടിച്ച് ജീവനക്കാരന്‍, ഒരു മാസം ചുറ്റിനടന്നിട്ടും ആരും അറിഞ്ഞില്ല
ഭോപ്പാല്‍: ഭോപ്പാലിലെ ഫോക്സ്വാഗണ്‍ ഷോറൂമില്‍ നിന്ന് 23 ലക്ഷം രൂപ വിലമതിക്കുന്ന കാര്‍ മോഷ്ടിച്ച കേസില്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഷോറൂം ജീവനക്കാരനായ ഗജേന്ദ്ര എന്ന ഋഷി ആനന്ദാണ് ഒരു മാസത്തിന് ശേഷം എംപി നഗര്‍ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബര്‍ 28ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മറ്റൊരാള്‍ ബുക്ക് ചെയ്ത് ഷോറൂമില്‍ സൂക്ഷിച്ചിരുന്ന പുതിയ ഫോക്സ്വാഗണ്‍ വിര്‍ടസ് ജിടി കാര്‍, ജീവനക്കാരനായ ഗജേന്ദ്ര തന്ത്രപരമായി കടത്തിക്കൊണ്ടുപോകുകയായിരുന്നു.
പിന്നീട് കമ്പനി നടത്തിയ ഇന്റേര്‍ണല്‍ സ്റ്റോക്ക് പരിശോധനയിലാണ് വാഹനം കാണാനില്ലെന്ന വിവരം മാനേജ്മെന്റ് അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ല. തുടര്‍ന്ന് കാറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന ജിപിഎസ് ട്രാക്കിങ് സിസ്റ്റം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
ജിപിഎസ് ലൊക്കേഷന്‍ പിന്തുടര്‍ന്ന പൊലീസ് നര്‍മദാപുരം റോഡിലെ അഷിമാ മോളിന് സമീപത്ത് വാഹനമുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം വാഹനം കസ്റ്റഡിയിലെടുക്കുകയും ഗജേന്ദ്രയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഭാര്യയ്ക്ക് ആഡംബര കാറുകളോടുള്ള താല്പര്യമാണ് വാഹനം മോഷ്ടിക്കാന്‍ കാരണമെന്നാണ് വിവരം. പൊലീസ് വാഹനം തടയുമ്പോള്‍ ഭാര്യയാണ് ഓടിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഓംകാര്‍ സിങ് ഈ റിപ്പോര്‍ട്ടുകള്‍ തള്ളി.
ഷോറൂമിലെ വാഹനങ്ങളും അവയുടെ താക്കോലുകളും എളുപ്പത്തില്‍ ലഭ്യമായിരുന്ന വ്യക്തിയാണ് ഗജേന്ദ്ര. ഈ സൗകര്യം മുതലെടുത്താണ് ഇയാള്‍ ആസൂത്രിതമായി മോഷണം നടത്തിയതെന്ന് ഓംകാര്‍ സിങ് പറഞ്ഞു.
മോഷണം നടത്താന്‍ പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. മോഷ്ടിച്ച വാഹനത്തിലാണ് യാത്ര ചെയ്യുന്നതെന്ന കാര്യം പ്രതിയുടെ ഭാര്യക്ക് അറിവുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വാഹനം മറിച്ചുവില്‍ക്കാന്‍ ശ്രമിക്കാതെ പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചത് എന്തിനാണെന്ന കാര്യത്തിലും പൊലീസ് വ്യക്തത തേടുന്നുണ്ട്.