മറയൂരില്‍ പൊലീസ് സ്റ്റേഷന് മുന്നിലിട്ട് ഭാര്യയെ വാക്കത്തികൊണ്ട് വെട്ടി; ഭര്‍ത്താവ് അറസ്റ്റില്‍, പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ തര്‍ക്കം പരിഹരിച്ച് തിരിച്ചിറങ്ങുമ്പോഴാണ് ആക്രമണം
ഇടുക്കി: ഇടുക്കി മറയൂരില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയെ വാക്കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. മറയൂര്‍ സ്വദേശി ഭാഗ്യലക്ഷ്മിക്കാണ് വെട്ടേറ്റത്. ഭര്‍ത്താവ് ശിവാനന്ദനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം. മറയൂര്‍ പൊലീസ് സ്റ്റേഷന്റെ മുമ്പില്‍ കുടുംബതര്‍ക്കത്തെ തുടര്‍ന്നാണ് ഭാഗ്യലക്ഷ്മിയും ശിവാനന്ദനും എത്തിയത്. പിന്നീട് പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ തര്‍ക്കം പരിഹരിച്ചു.
അതിന് ശേഷം തിരിച്ചിറങ്ങുമ്പോഴാണ് പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് വെച്ച് ഭാഗ്യലക്ഷ്മിയെ ശിവാനന്ദന്‍ വാക്കത്തി കൊണ്ട് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാഗ്യലക്ഷ്മിയെ പൊലീസുകാര്‍ ചേര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
പെട്ടെന്നുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ശിവാനന്ദനെതിരെ വധശ്രമത്തിന് കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഭാഗ്യലക്ഷ്മിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വിദഗ്ധചികിത്സ ആവശ്യമുണ്ടെങ്കില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കും.