ബിജെപി നേതാവിനെ വധിക്കാന്‍ ശ്രമിച്ച് ഭാര്യയും കാമുകനും; ഇന്‍സ്റ്റയില്‍ കൂടി പദ്ധതി, കത്തിയ ബൈക്ക് ചതിച്ചു
തിരുപ്പതി: ആന്ധ്രാപ്രദേശില്‍ ബിജെപി നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഭാര്യയും കാമുകനും അറസ്റ്റില്‍. ബൈക്ക് കത്തിച്ച കേസില്‍ തുടങ്ങിയ അന്വേഷണമാണ് കൊലപാതകാസൂത്രണത്തിന്റെ ചുരുളഴിച്ചത്.
സംഭവത്തില്‍ ബിജെപി നേതാവിന്റെ ഭാര്യ പ്രശാന്തി, സായി, ഇവരുടെ കൂട്ടാളികളായ ഉദയ് കിരണ്‍, ലീലാ കൃഷ്ണ, പൃഥ്വിരാജ്, ഹരീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ആന്ധ്രപ്രദേശിലെ തിരുപ്പതിയിലെ ബിജെപി മണ്ഡലം പ്രസിഡന്റ് മുനിരാജയെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഭാര്യ പ്രശാന്തിയും കാമുകന്‍ സായിയും ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബര്‍ 13-ന് അര്‍ദ്ധരാത്രിയാണ് ചന്ദ്രഗിരി കൊത്തപേട്ടയിലുള്ള മുനിരാജയുടെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. ബിജെപി നേതാവായതിനാല്‍ പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങളാകാം ഇതിനു പിന്നിലെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
എന്നാല്‍, സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രദേശവാസിയായ സായിയും സംഘവും ബൈക്കിന് സമീപത്ത് നില്‍ക്കുന്ന് കണ്ടിരുന്നു.
തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
മുനിരാജയുടെ ഭാര്യ പ്രശാന്തിക്ക് സായിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഭര്‍ത്താവിനെ വധിക്കാന്‍ പ്രശാന്തിയും സായിയും ചേര്‍ന്ന് ഇന്‍സ്റ്റാഗ്രാം വഴിയാണ് പദ്ധതി തയ്യാറാക്കിയത്.
മുനിരാജയുടെ ഓരോ നീക്കങ്ങളും ലൊക്കേഷന്‍ വിവരങ്ങളും പ്രശാന്തി ഇന്‍സ്റ്റാഗ്രാം സന്ദേശങ്ങളിലൂടെ സായിക്ക് കൈമാറിയിരുന്നു.
മുനിരാജയെ കൊലപ്പെടുത്തുന്നതിന് മുന്നോടിയായി ഭയപ്പെടുത്താനായിരുന്നു സംഘത്തിന്റെ ശ്രമം. ഇതേത്തുടര്‍ന്നാണ് ബൈക്കിന് തീയിട്ടത്. ചോദ്യം ചെയ്യലില്‍ നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെയും മൊബൈലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു പ്രതികള്‍ പിടിയിലായത്.