കൊച്ചിയിലെ സ്വകാര്യ ബസുകളില്‍ വ്യാപക നിയമലംഘനം; പി.സി.സിയും ലൈസന്‍സുമില്ലാത്ത ജീവനക്കാര്‍ക്കെതിരെ പിടിമുറുക്കി എംവിഡി
കൊച്ചി: കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരില്‍ പകുതിയിലേറെപ്പേര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) ഇല്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍.
ജീവനക്കാരുടെ പശ്ചാത്തലം പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ നീക്കത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. പി.സി.സി ഇല്ലാത്ത ജീവനക്കാരുമായി സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ പെര്‍മിറ്റ് ലംഘനം ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇതിനിടെ എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനും മറ്റ് നിയമലംഘനങ്ങള്‍ക്കുമെതിരെ അഞ്ച് പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി.
വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ നിയമം ലംഘിച്ച 382 ബസുകള്‍ക്കെതിരെ നടപടിയെടുക്കുകയും രണ്ടര ലക്ഷത്തോളം രൂപ പിഴ ഈടാക്കുകയും ചെയ്തു. സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത 28 ബസുകളുടെ സര്‍വീസ് നിര്‍ത്തിവെപ്പിക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കണ്ടക്ടര്‍ ലൈസന്‍സില്ലാതെ ജോലി ചെയ്തതിന് 89 കേസുകളും, വാതില്‍ തുറന്നിട്ട് അപകടകരമായി സര്‍വീസ് നടത്തിയതിന് 55 കേസുകളും പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തു.
ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനം ഓടിച്ചവര്‍ക്കും അമിതവേഗത, മൊബൈല്‍ ഫോണ്‍ ഉപയോഗം, ഇന്‍ഷുറന്‍സ് ഇല്ലായ്മ തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ അറിയിച്ചു.